ഷാർജ: മെലീഹാ നാഷണൽ പാർക്കിൽ അനുമതിയില്ലാതെ പ്രവേശിക്കുന്നവർക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) മുന്നറിയിപ്പ് നൽകി. പുരാവസ്തുക്കളും ദുർബലമായ ഭൂപ്രദേശങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സംരക്ഷിത പ്രദേശത്തേക്ക് അനധികൃത പ്രവേശനം കർശനമായി നിരോധിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അൽ ഫയ പ്രദേശത്തിന്റെ ഭാഗമാണ് മെലീഹാ നാഷണൽ പാർക്ക്. പാർക്കിൽ പ്രവേശിക്കാൻ മുൻകൂട്ടി ബുക്കിങ് നിർബന്ധമാണെന്നും, അധികൃതർ നിശ്ചയിച്ച പാതകളിലൂടെ മാത്രമേ സംരക്ഷിത മേഖലയിൽ പ്രവേശിക്കാവൂവെന്നും ഷുറൂഖ് വ്യക്തമാക്കി.
ജൈവവൈവിധ്യ സമ്പത്ത്
34.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മെലീഹാ നാഷണൽ പാർക്കിൽ 100-ലേറെ സസ്യ–ജന്തുജാലങ്ങൾ സംരക്ഷിക്കപ്പെടുന്നു. 20-ലേറെ പക്ഷിയിനങ്ങൾ, 10-ലേറെ ഉരഗങ്ങൾ, 11 സസ്തനികൾ, 39-തരം പ്രാണികൾ, 20-ലേറെ സസ്യയിനങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. അറേബ്യൻ റെഡ് ഫോക്സ്, സാൻഡ് ഗസൽ, സാൻഡ്ഫിഷ് സ്കിങ്ക്, അറേബ്യൻ ഹോൺഡ് വൈപ്പർ തുടങ്ങിയ അപൂർവ ജീവജാലങ്ങളും ഇവിടെ കാണപ്പെടുന്നു. ബോണെല്ലിസ് ഈഗിൾ, പർപ്പിൾ സൺബേർഡ്, കോമൺ കെസ്ട്രൽ തുടങ്ങിയ പക്ഷികൾ പക്ഷിനിരീക്ഷകർക്കുള്ള പ്രത്യേക ആകർഷണമാണ്.
പുരാവസ്തു–ചരിത്ര പ്രാധാന്യം
ആഫ്രിക്കയ്ക്ക് പുറത്തുള്ള ആദ്യ മനുഷ്യവാസത്തിന്റെ രണ്ടുലക്ഷം വർഷം പഴക്കമുള്ള തെളിവുകൾ ഇവിടെനിന്ന് പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയും പൈതൃകവും സംരക്ഷിക്കുന്നതിനൊപ്പം സുസ്ഥിര ടൂറിസം മാതൃകകൾ നടപ്പാക്കുന്ന ഷാർജയിലെ ആദ്യ കേന്ദ്രങ്ങളിലൊന്നാണ് മെലീഹ.
കർശന നിയന്ത്രണങ്ങൾ
ദേശീയോദ്യാന പരിധിയിൽ:
- മൃഗവേട്ട
- വാഹന ഉപയോഗം
- സസ്യങ്ങളോ ജൈവ ഉത്പന്നങ്ങളോ എടുക്കൽ
- പ്രകൃതിദൃശ്യങ്ങളിൽ മാറ്റം വരുത്തൽ
- ക്യാംപിങ് ഉൾപ്പെടെയുള്ള നിയന്ത്രണമില്ലാത്ത വിനോദപ്രവർത്തനങ്ങൾ
എന്നിവയെല്ലാം കുറ്റകരമാണെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ വ്യക്തിപരമായോ വാണിജ്യപരമായോ വിനോദപ്രവർത്തനങ്ങൾ അനുവദിക്കൂ. നിലവിൽ പ്രവർത്തിക്കുന്ന മെലീഹ ആർക്കിയോളജിക്കൽ സെന്റർ, മൂൺ റിട്രീറ്റ്, അൽ ഫായ റിട്രീറ്റ്, ഗ്ലാംപിങ് ഏരിയ, മെലീഹ ക്യാംപിങ് സൈറ്റ് തുടങ്ങിയവ നാഷണൽ പാർക്കിന്റെ ഭാഗമായി തുടരും.
പ്രകൃതിയോടൊത്ത സാഹസിക അനുഭവങ്ങളും ചരിത്ര പഠനവും ഒരുമിച്ച് ലഭിക്കുന്ന കേന്ദ്രമായാണ് മെലീഹാ നാഷണൽ പാർക്ക് വികസിപ്പിക്കുന്നതെന്ന് മെലീഹാ ആൻഡ് സ്ട്രാറ്റജിക് പ്രോജക്ട്സ് മാനേജർ ഒമർ ജാസിം അൽ അലി പറഞ്ഞു.
English Summary
Sharjah authorities have warned that unauthorized entry into Mleiha National Park will attract heavy fines and legal action. Managed by Shurooq, the protected area—part of the UNESCO-listed Al Faya region—requires prior booking and access through designated routes only. The park is home to rich biodiversity, rare wildlife, and archaeological evidence of early human settlement dating back nearly 200,000 years.




































