ദുബായ്: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ കടുത്തതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി യു.എസ്. സൈന്യം 2,500 മറീനുകളെയും ‘USS Tripoli’ എന്ന ആംഫിബിയസ് അസോൾട്ട് കപ്പലിനെയും മേഖലയിലേക്ക് വിന്യസിക്കുന്നു. ജപ്പാനിൽ ആസ്ഥാനമാക്കിയ 31-ാം മറീൻ എക്സ്പെഡിഷനറി യൂണിറ്റിലെ സൈനികരാണ് ഈ വിന്യാസത്തിന്റെ ഭാഗമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തയ്‌വാനിനടുത്തുള്ള കടൽപ്രദേശങ്ങളിലൂടെ മുന്നേറുന്ന USS Tripoli പശ്ചിമേഷ്യയിലെത്താൻ ഏകദേശം ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് വിവരം. കരയിലിറങ്ങി യുദ്ധപ്രവർത്തനങ്ങൾ നടത്താനും നാവിക-വ്യോമസേനകളെ സഹായിക്കാനും കഴിയുന്ന ആംഫിബിയസ് അസോൾട്ട് കപ്പലായതിനാൽ, ഈ വിന്യാസം ഇറാനിൽ കരയുദ്ധത്തിനുള്ള ഒരുക്കമാകാമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
അതേസമയം, യു.എസ്. അധികൃതർ ഇത് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കൽ, സ്ഥാനപതികാര്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ, അടിയന്തര രക്ഷാപ്രവർത്തനം എന്നിവയ്ക്കുള്ള മുൻകരുതൽ നടപടിയാകാമെന്നും വിശദീകരിക്കുന്നു.
ഇതിനിടെ വിമാനവാഹിനിയായ USS Abraham Lincoln ഉൾപ്പെടെ യു.എസ്. നാവികസേനയുടെ 12 യുദ്ധക്കപ്പലുകൾ അറബിക്കടലിൽ സന്നദ്ധ നിലയിലാണ്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിൽ മാത്രം ഏകദേശം 8,000 അമേരിക്കൻ സൈനികർ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ബാഗ്ദാദിലെ യു.എസ്. സ്ഥാനപതികാര്യാലയത്തിന് നേരെ ആക്രമണം
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ യു.എസ്. സ്ഥാനപതികാര്യാലയത്തിലെ ഹെലിപ്പാഡിൽ ശനിയാഴ്ച മിസൈൽ പതിച്ചതായി റിപ്പോർട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇറാനുമായി ബന്ധമുള്ള സായുധസംഘങ്ങൾക്കാണ് സംശയം. മുമ്പും ഇവർ യു.എസ്. സ്ഥാനപതികാര്യാലയത്തെ ലക്ഷ്യമിട്ടിരുന്നു.
അതേസമയം, ഇസ്രയേൽ–ഇറാൻ സംഘർഷവും തുടരുന്നു. ജറുസലേമിനെ ലക്ഷ്യമിട്ട് എത്തിയ ഇറാൻ മിസൈൽ തകർത്തതായി ഇസ്രയേൽ അറിയിച്ചു. മറുപടിയായി ഇറാനിലെ തബ്‌രിസ് മേഖലയിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ 26 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും 51 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലും ലെബനനും നേരിട്ട് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ രംഗത്തെത്തി.
English Summary: The United States is deploying 2,500 Marines and the amphibious assault ship USS Tripoli to the Middle East as tensions linked to Iran enter the third week. The Marines, part of the 31st Marine Expeditionary Unit based in Japan, are expected to reach the region within about a week. While some analysts see this as a sign of possible ground operation preparations, US officials say the forces could also be used to protect embassies, evacuate civilians, and support emergency missions.Meanwhile, a missile struck the helipad inside the US Embassy compound in Baghdad, suspected to be carried out by Iran-backed armed groups. The regional conflict continues with Iran–Israel exchanges and Israeli attacks in Lebanon, raising concerns about wider escalation in West Asia.















































