തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനുള്ളിൽ ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ പേരാവൂരിൽ ആര്‍ക്കും തോൽപ്പിക്കാനാവില്ലെന്നും, മട്ടന്നൂരിൽ നിന്ന് കെ.കെ. ശൈലജയെ മാറ്റി പേരാവൂരിലേക്ക് നൽകിയത് മാറ്റിനിര്‍ത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയ സാഹചര്യത്തിൽ മുൻകൂട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും സതീശൻ പറഞ്ഞു. നാളെ പ്രഖ്യാപനം വന്നാൽ 24 മണിക്കൂറിനുള്ളിൽ 50 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മൂന്ന് മുതൽ നാല് ദിവസം സമയം ലഭിച്ചാൽ 60 പേരെ വരെ പ്രഖ്യാപിക്കാനാകും. ഡൽഹിയിൽ ദിവസങ്ങളെടുത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന രീതിയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും പല പേരുകളും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എൽഡിഎഫിൽ നിന്ന് ബിജെപിയിലേക്ക് ചേർന്നവരെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
ആറ്റുകാൽ പൊങ്കാലയിലെ മത സൗഹാർദം ‘റിയൽ കേരള സ്റ്റോറി’ ആണെന്നും സതീശൻ പറഞ്ഞു. പാളയം ഇമാമിന്റെ പ്രസംഗം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും മതേതര കേരളം തല ഉയർത്തി നിൽക്കണം. വർഗീയതയ്ക്ക് പ്രാധാന്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല യുവതി പ്രവേശന വിഷയത്തിലും സർക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. തെറ്റ് തിരുത്തി ശാശ്വത പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
Kerala Opposition Leader V.D. Satheesan said KPCC president Sunny Joseph cannot be defeated in Peravoor and criticized the shifting of K.K. Shailaja’s seat. He also stated that Congress will announce candidates within 24 hours of election notification.










































