പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായി ഭർത്താവ് ജോർജ് ജോസഫ് സി.പി.എം. നേതൃത്വത്തെ സമീപിച്ചു. കുടുംബപരമായ കാരണങ്ങളാണ് ഈ അഭ്യർത്ഥനയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേന്ദ്രകമ്മിറ്റിയംഗവുമായ തോമസ് ഐസക് വിഷയത്തെക്കുറിച്ച് സംസ്ഥാന നേതൃത്വത്തെ വിവരം അറിയിച്ചു. വീണാ ജോർജ് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായതിനാൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കും.
ആറന്മുളയിലെ സിറ്റിങ് എം.എൽ.എയായ വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ പ്രാഥമിക നിലപാട്. ജില്ലാക്കമ്മിറ്റി വീണയുടെ പേരാണ് ശുപാർശ ചെയ്തിരിക്കുന്നത്. 2016-ലും 2021-ലും ആറന്മുളയിൽ വിജയം നേടിയ വീണ, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പത്തനംതിട്ടയിൽ മത്സരിച്ചിരുന്നു.
ജോർജ് ജോസഫിന്റെ ആവശ്യത്തിന് പിന്നാലെ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്. അടുത്തിടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വീണാ ജോർജ് ഇപ്പോൾ വിശ്രമത്തിലാണെന്ന് അറിയുന്നു. വിഷയത്തിൽ സംസ്ഥാന നേതൃത്വം വിശദമായ തീരുമാനം കൈക്കൊള്ളുമെന്ന് സൂചന.
English Summary
Health Minister Veena George’s husband, George Joseph, has reportedly requested the CPI(M) leadership not to field her in the upcoming Assembly election, citing family reasons. The matter was discussed at the district secretariat level and has been referred to the state leadership for a final decision. Veena George, the sitting MLA from Aranmula, was earlier recommended again by the party district committee. The development has triggered internal discussions within the party.










































