കൊച്ചി: എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ. എം.എൻ. സ്വാമിയെയും സ്ഥാനങ്ങളിൽ നിന്ന് നീക്കാനും കോടതി നിർദേശിച്ചു.
ഓഡിറ്റ് കണക്കുകൾ സമർപ്പിക്കാത്തതിനെ ചൂണ്ടിക്കാട്ടി എസ്എൻഡിപിയിലെ വിമത വിഭാഗം നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് ടി.ആർ. രവി അധ്യക്ഷനായ ഏകാംഗ ബെഞ്ചാണ് കേസ് പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നോൺ ട്രേഡിംഗ് കമ്പനിയായ എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം കമ്പനികളുടെ രജിസ്ട്രാർ ഓഫീസിൽ ആവശ്യമായ സാമ്പത്തിക കണക്കുകൾ സമർപ്പിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിയമപ്രകാരം ഇത് അയോഗ്യതയ്ക്ക് കാരണമാകുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഈ വിധി എസ്എൻഡിപി യോഗം നേതൃത്വത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
English Summary : The Kerala High Court has removed Vellappally Natesan from the post of General Secretary of SNDP Yogam citing failure to submit audit reports for three consecutive years to the Registrar of Companies. The court also removed Tushar Vellappally from the Vice President post and Dr. M N Swamy from the position of Yogam President following a petition filed by a rebel faction within the organization.













































