തിരുവനന്തപുരം:ഡൽഹിയിലും കേരളത്തിലും നടന്ന ഒട്ടേറെ ചർച്ചകൾക്കും ട്വിസ്റ്റുകൾക്കും ഒടുവിലാണ് തലസ്ഥാന നഗരത്തിന്റെ ആദ്യ ബിജെപി മേയറായി വി.വി.രാജേഷിനെ പാർട്ടി നിയോഗിച്ചിരിക്കുന്നത്. സർവീസ് രംഗത്തെ പരിചയസമ്പത്തും രാഷ്ട്രീയ പരിചയസമ്പത്തും മാറ്റുരച്ചപ്പോൾ പല ഘട്ടങ്ങളിലും രാജേഷിന്റെയും മുൻ ഡിജിപി ആർ. ശ്രീലേഖയുടെയും പേരുകൾ മാറിമാറി കേട്ടിരുന്നു. ഒടുവിൽ ഏറെ വർഷങ്ങളായി തിരുവനന്തപുരത്തു ബിജെപിയുടെ മുഖമായി തുടരുന്ന വി.വി.രാജേഷിനു നറുക്കു വീഴുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രാദേശികതലത്തിലേക്ക് ഒതുങ്ങിപ്പോയ വി.വി.രാജേഷ് മേയർ സ്ഥാനം നേടിയെടുത്തു ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ബിജെപി 35 സീറ്റുകളുമായി തിരുവനന്തപുരത്ത് ചുവടുറപ്പിച്ച കഴിഞ്ഞ രണ്ടു കൗൺസിലുകളിലും സജീവസാന്നിധ്യമായിരുന്നു രാജേഷ്.ഭരണനടത്തിപ്പിന്റെ അകംപുറം അറിയുന്ന രാജേഷ് തലപ്പത്തുവരുന്നത് ഇരുമുന്നണികളെയും പ്രതിരോധിക്കാൻ ഏറെ ഗുണകരമാകുമെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വത്തിനുള്ളത്. 2015ലും 2020ലും ബിജെപിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിച്ചിരുന്നതും രാജേഷായിരുന്നു. മേയർ സ്ഥാനാർഥിയെ നിശ്ചയിക്കുന്ന വിഷയത്തിൽ സംസ്ഥാനനേതൃത്വം സ്വീകരിച്ച നടപടിക്രമങ്ങളിൽ മുൻപ് പ്രബലമായിരുന്ന ഒരു വിഭാഗം അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതിനും ചർച്ചകൾ സാക്ഷ്യം വഹിച്ചു.

കേരളത്തിൽ ആദ്യമായി ഭരണം കിട്ടിയ തിരുവനന്തപുരം കോർപറേഷനിൽ ദേശീയ ശ്രദ്ധ ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള മേയർ വേണമെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. ഈ സാഹചര്യത്തിൽ ബുധനാഴ്ച രാത്രി വരെ ആർ.ശ്രീലേഖയ്ക്കാണു മുൻതൂക്കം എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. കൗൺസിലർമാരിൽ കൂടുതൽ പേരും രാജേഷിനെ പിന്തുണച്ചെങ്കിലും ദേശീയ നേതൃത്വത്തിന്റെ താൽപര്യം ഉൾപ്പെടെ നിരവധി ഘടകങ്ങൾ ശ്രീലേഖയ്ക്ക് അനുകൂലമായിരുന്നു. കൗൺസിലർമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് അഭിപ്രായസമാഹരണം നടത്തിയിരുന്നു. ഇന്നു രാവിലെ ശ്രീലേഖയുടെ പേര് പ്രഖ്യാപിക്കുമെന്ന ഘട്ടത്തിലാണ് സംസ്ഥാനത്തെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ ഇടപെടലിൽ കാര്യങ്ങൾ മാറിമറിയുന്നത്.


























