വയനാട് | UAE വാർത്ത
വയനാട്ടിൽ വീണ്ടും പുലിഭീതി. ജനവാസമേഖലകളിൽ മൂന്ന് സ്ഥലങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. മേപ്പാടി കുന്നംപറ്റ, ബത്തേരി ചീരാൽ, പൊഴുതന അച്ചൂർ എന്നിവിടങ്ങളിലാണ് പുലിയിറങ്ങിയത്. കുന്നംപറ്റയിൽ ഇന്നലെ പുലി വളർത്തുനായയെ കൊന്നതോടെ പ്രദേശത്ത് ആശങ്ക വർധിച്ചിട്ടുണ്ട്.
കുന്നംപറ്റ എട്ടാം നമ്പറിൽ രവീന്ദ്രന്റെ വീട്ടിലെ വളർത്തുനായയെയാണ് പുലി ആക്രമിച്ച് കൊന്നത്. ഇതിന് പിന്നാലെ ഇന്ന് രാത്രിയിലും പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെയാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന ആരംഭിച്ചത്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, ബത്തേരി ചീരാലിലും നീണ്ട ഇടവേളയ്ക്കുശേഷം പുലിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിച്ചു. ഇതിനെ തുടർന്ന് അവിടെയും വനംവകുപ്പ് കർശന പരിശോധന നടത്തിവരികയാണ്. പൊഴുതന അച്ചൂരിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ജനവാസമേഖലകളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ രാത്രി സമയങ്ങളിൽ പുറത്തിറങ്ങാതിരിക്കാൻ നാട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വനംവകുപ്പിന്റെ പരിശോധനയും നിരീക്ഷണവും തുടരുകയാണ്.





































