റായ്പുർ∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ സഞ്ജു സാംസണെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ശക്തമാകുന്നു. ആദ്യ മത്സരത്തിൽ 10 റൺസിന് പുറത്തായ സഞ്ജുവിന് രണ്ടാം മത്സരത്തിൽ നേടാനായത് വെറും ആറു റൺസാണ്. ഇന്നിങ്സിന്റെ തുടക്കത്തിൽ ലഭിച്ച ‘ലൈഫ്’ മുതലെടുക്കാൻ കഴിയാതെയാണ് സഞ്ജു വീണ്ടും വിക്കറ്റ് നഷ്ടപ്പെടുത്തിയത്.
രണ്ടാം പന്തിൽ സഞ്ജു നൽകിയ അനായാസ ക്യാച്ച് ന്യൂസീലൻഡ് താരം ഡെവോൺ കോൺവെ വിട്ടുകളഞ്ഞിരുന്നു. പന്ത് കോൺവെയുടെ കയ്യിൽ തട്ടി സിക്സാവുകയും ചെയ്തു. ആ അവസരം ലഭിക്കാതിരുന്നെങ്കിൽ സഞ്ജു സംപൂജ്യനായി മടങ്ങേണ്ടി വന്നേക്കാമായിരുന്നു എന്ന വിലയിരുത്തലാണ് ആരാധകർ പങ്കുവയ്ക്കുന്നത്.
സഞ്ജുവിനൊപ്പം ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ ഗോൾഡൻ ഡക്കായി പുറത്തായതും ടീമിന് തിരിച്ചടിയായി. വലിയ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഓപ്പണർമാരുടെ ലക്ഷ്യബോധമില്ലാത്ത ബാറ്റിംഗ് സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് വഴിയൊരുക്കി. തുടർച്ചയായ പരാജയങ്ങളാണ് സഞ്ജുവിനെതിരെ ആക്രമണം കടുപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
ഇതിനിടെയാണ് വർഷങ്ങൾക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ നിർണായക ഇന്നിങ്സ് കളിച്ച് ശ്രദ്ധ നേടിയത്. സഞ്ജുവിന്റെ ബാക്കപ് ഓപ്പണറായാണ് ഇഷാനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. തിലക് വർമയ്ക്ക് പരുക്കേറ്റതോടെയാണ് ഇഷാനെ മൂന്നാം നമ്പറിൽ പരീക്ഷിച്ചത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം മത്സരത്തിൽ ലഭിച്ച അവസരം ഫലപ്രദമായി ഉപയോഗിച്ച് ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഇഷാനു സാധിച്ചു.
ഇത്തരത്തിലുള്ള ഇംപാക്ട് പ്രകടനം സഞ്ജുവിൽ നിന്നു തുടർച്ചയായി ലഭിക്കാത്തതിലാണ് ആരാധകരുടെ അസംതൃപ്തി. ‘പിആർ നടത്തി ടീമിലെത്തുന്നു’, ‘ഫ്രോഡ് താരം’, ‘സേവനങ്ങൾക്ക് നന്ദി, വിരമിക്കാൻ സമയമായി’ തുടങ്ങിയ രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരം സഞ്ജുവിന് നിർണായകമാണെന്ന് കായികവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആ മത്സരത്തിലും തിളങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പ്ലേയിങ് ഇലവനിലെ സ്ഥാനം അപകടത്തിലാകും. നാലാം ട്വന്റി20 മുതൽ തിലക് വർമ ടീമിലേക്ക് തിരിച്ചെത്തിയാൽ, സഞ്ജുവിന് പകരം ഇഷാൻ കിഷനെ ഓപ്പണറായി പരീക്ഷിക്കാനുള്ള സാധ്യത വർധിക്കും.
മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും ഇതേ നിലപാടാണ് പങ്കുവച്ചത്. ‘‘തിരിച്ചുവരവ് അരങ്ങേറ്റത്തേക്കാൾ കഠിനമാണ്. ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷം രണ്ടാം മത്സരത്തിൽ ഇഷാൻ കാട്ടിയ ആത്മവിശ്വാസം അഭിനന്ദനാർഹമാണ്. സഞ്ജു ഇപ്പോൾ കടുത്ത സമ്മർദത്തിലാണ്. റൺസ് കണ്ടെത്തിയാൽ മാത്രമേ ടീമിൽ നിലനിൽക്കാൻ കഴിയൂ,’’– ആകാശ് ചോപ്ര പറഞ്ഞു.
അതേസമയം, ഇഷാൻ കിഷന്റെ പ്രകടനത്തിന് ഭാഗ്യത്തിന്റെയും പങ്കുണ്ടായിരുന്നുവെന്നും, തിലക് വർമ തിരിച്ചെത്തുമ്പോൾ ടോപ് ഓർഡറിൽ മൂന്നു ഇടംകയ്യൻ ബാറ്റർമാർ ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
English Summary:
Sanju Samson has come under heavy criticism after failing again in the T20 series against New Zealand. Ishan Kishan’s impactful performance has strengthened his case for an opening role, putting Samson’s place in the playing XI under threat, especially if Tilak Varma returns.




































