അബുദാബി/ദുബായ്: വിദ്യാർഥികളുടെ മാനസികാരോഗ്യവും പഠന നിലവാരവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎഇയിലെ സ്കൂളുകളുടെ പ്രവർത്തന സമയം വൈകിപ്പിക്കാൻ തീരുമാനം. രാവിലെ ഏഴിനോ ഏഴരയ്ക്കോ ആരംഭിച്ചിരുന്ന ക്ലാസ് സമയം എട്ടേകാലിനോ ഒൻപതിലേക്കോ മാറ്റാനാണ് പദ്ധതിയിടുന്നത്.ചില സ്കൂളുകൾ ഇതിനകം തന്നെ പുതിയ സമയക്രമം നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയുകയും, വിദ്യാർഥികൾക്കും മുതിർന്നവർക്കും ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ എത്താൻ സാധിക്കുകയും ചെയ്യുന്നു. യുഎഇയിൽ ജുമുഅ സമയം നേരത്തെ ആക്കിയതിനാൽ വെള്ളിയാഴ്ചകളിൽ 11.10ന് സ്കൂൾ വിടുന്നത് ഗതാഗതക്കുരുക്കിൽ അകപ്പെടാതെ കുട്ടികൾക്ക് കൃത്യസമയത്ത് വീട്ടിലെത്താൻ സഹായിക്കുന്നതായും വിലയിരുത്തപ്പെടുന്നു.സമയം വൈകിപ്പിച്ചതോടെ വിദ്യാർഥികൾക്ക് ആവശ്യത്തിന് ഉറക്കം ലഭിക്കുകയും അതിലൂടെ അവരുടെ ശ്രദ്ധയും ഏകാഗ്രതയും വർധിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. രാവിലെ ഉണ്ടാകുന്ന അമിത സമ്മർദം കുറയുന്നതിലൂടെ കുട്ടികളിലെ ഉത്കണ്ഠ കുറയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചില സ്കൂളുകൾ പ്രകൃതിയോട് ഇണങ്ങിയ പഠനരീതികൾ സ്വീകരിക്കുന്നതും കുട്ടികളുടെ മാനസിക ഉന്മേഷത്തിന് ഗുണകരമാണെന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നു.അതേസമയം, സ്കൂൾ സമയമാറ്റം ജോലിക്കാരായ മാതാപിതാക്കളുടെ സമയക്രമവുമായി ഒത്തുപോകാത്തത് ഒരു വെല്ലുവിളിയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്തേക്ക് നീങ്ങുമ്പോൾ ഉച്ചകഴിഞ്ഞുള്ള കടുത്ത ചൂട് കൂടി പരിഗണിക്കണമെന്നും അവരുടെ അഭിപ്രായമാണ്.




































