ഷാർജ ബിഗ് ഹാർട്ട് ഫൗണ്ടേഷനും നാമയും ഇന്തോനേഷ്യയിലെ ഗദ്ജഹ് മാദ സർവകലാശാലയുമായി സഹകരിച്ച് യോഗ്യക്കാർത്തയിൽ പുതിയ ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കുന്നു.
യോഗ്യക്കാർത്ത, ഇന്തോനേഷ്യ — സെപ്റ്റംബർ 21, 2026 : അക്കാദമിക് ഗവേഷണങ്ങളെ പ്രായോഗിക ജീവകാരുണ്യ പ്രവർത്തനങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇന്തോനേഷ്യയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റാസ് ഗദ്ജഹ് മാദയിൽ (UGM) 16 ലക്ഷം ഡോളറിന്റെ (ഏകദേശം 13.3 കോടി രൂപ) ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു.
ഷാർജ ഭരണകൂടവുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ‘ജവാഹർ അൽ ഖാസിമി ഹ്യൂമാനിറ്റേറിയൻ ഇന്നൊവേഷൻ സെന്റർ’ പ്രഖ്യാപനം ഷാർജ ഉപഭരണാധികാരിയും ദ ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഹ്യൂമാനിറ്റേറിയൻ ദൂതനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി നിർവഹിച്ചു. ഞായറാഴ്ച യോഗ്യക്കാർത്തയിലെ സർവകലാശാലാ കാമ്പസിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.



ബിഗ് ഹാർട്ട് ഫൗണ്ടേഷൻ നൽകുന്ന 10 ലക്ഷം ഡോളർ, യുഎഇ ആസ്ഥാനമായ നാമ (NAMA) വിമൻ അഡ്വാൻസ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ 5 ലക്ഷം ഡോളർ, ഗദ്ജഹ് മാദ സർവകലാശാലയുടെ ഒരു ലക്ഷം ഡോളർ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി തുക. കേന്ദ്രത്തിന്റെ ഭാവി പ്രവർത്തനങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ പ്രത്യേക എൻഡോവ്‌മെന്റ് നിക്ഷേപ ഫണ്ടും രൂപീകരിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ കണ്ടെത്തലുകൾ സാധാരണക്കാരുടെ ജീവിതത്തെ മാറ്റിമറിക്കാൻ പര്യാപ്തമാകുമ്പോഴാണ് അവ അർത്ഥപൂർണ്ണമാകുന്നതെന്ന് ചടങ്ങിൽ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് വ്യക്തമാക്കി. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടുകൾക്കും, പൗരന്മാരുടെ ഉന്നമനം ലക്ഷ്യമിട്ട് പത്നി ശൈഖ ജവാഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമി നടത്തുന്ന പ്രവർത്തനങ്ങൾക്കും അനുസൃതമായാണ് അന്താരാഷ്ട്ര തലത്തിൽ ഈ പങ്കാളിത്തം വിപുലീകരിക്കുന്നത്.
രണ്ട് പ്രധാന ഘടകങ്ങളായാണ് കേന്ദ്രം പ്രവർത്തിക്കുക. നയരൂപീകരണ ഗവേഷണങ്ങൾ, ഫെലോഷിപ്പുകൾ, ആശയരൂപീകരണ ഇൻകുബേറ്ററുകൾ എന്നിവക്കായി ഒരു പ്രധാന ആസ്ഥാന മന്ദിരം സർവകലാശാലയിൽ ഒരുക്കും. ഇതിനുപുറമെ, കാലാവസ്ഥാ പ്രതിരോധം, കാർഷിക സുരക്ഷ എന്നിവ പ്രായോഗികമായി പരീക്ഷിക്കുന്നതിനായി സർവകലാശാല വിട്ടുനൽകുന്ന രണ്ടേക്കർ സ്ഥലത്ത് ‘ലിവിംഗ് ഹ്യൂമാനിറ്റേറിയൻ ലാബ്’ സജ്ജമാക്കും.
ഭക്ഷ്യസുരക്ഷ, പ്രകൃതിദുരന്ത ലഘൂകരണം, വനിതാ ശാക്തീകരണം, സ്ത്രീകളായ കർഷകർക്കുള്ള പിന്തുണ, മാലിന്യ സംസ്കരണം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രായോഗിക മാതൃകകൾക്കാണ് പദ്ധതി മുൻഗണന നൽകുന്നത്. നാമ ഡയറക്ടർ ജനറലും ബിഗ് ഹാർട്ട് ഫൗണ്ടേഷൻ അഡ്വൈസറി ബോർഡ് അംഗവുമായ മറിയം അൽ ഹമ്മാദിയും സർവകലാശാല വൈസ് റെക്ടർ ഡോ. ദനാങ് ഹദ്മൊകൊയും സഹകരണ കരാറിൽ ഒപ്പുവെച്ചു.
പതിനായിരത്തിലധികം ഫീൽഡ് പ്രോഗ്രാമുകളിലൂടെ താഴെത്തട്ടിലുള്ള ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ഇന്തോനേഷ്യയിലെ ഏറ്റവും പഴയ ദേശീയ സർവകലാശാലയാണ് ഗദ്ജഹ് മാദയെന്ന് റെക്ടർ ഡോ. ഓവ എമീലിയ പറഞ്ഞു. ഈ വലിയ ശൃംഖലയെ ഗവേഷണ ഫലങ്ങൾ പരീക്ഷിക്കാനും നടപ്പിലാക്കാനും പുതിയ പദ്ധതിയിലൂടെ ഉപയോഗപ്പെടുത്താനാകുമെന്ന് അവർ വ്യക്തമാക്കി. ഉന്നതപഠനം നടത്തുന്ന വനിതകൾക്കായി നാമ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതിയും ഇതോടൊപ്പം തുടരും. സർവകലാശാലയിലെ ഇന്നൊവേഷൻ കേന്ദ്രങ്ങളും ലൈബ്രറിയും ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് സന്ദർശിച്ചു.










