ഒമാൻ അതിഥി രാജ്യം; പുതിയ രാജ്യാന്തര പുരസ്കാരവും 14 ലക്ഷം ദിർഹത്തിന്റെ തർജുമാൻ അവാർഡും പ്രഖ്യാപിച്ചു
ഷാർജ, യു.എ.ഇ — 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് (എസ്.ഐ.ബി.എഫ്) എക്സ്പോ സെന്ററിൽ പ്രൗഢോജ്ജ്വല തുടക്കം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേള ഉദ്ഘാടനം ചെയ്തു.

ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നവംബർ 15 വരെ നീളുന്ന പുസ്തകോത്സവത്തിൽ ഒമാനാണ് ഇത്തവണത്തെ അതിഥി രാജ്യം.
അറിവും പുസ്തകങ്ങളും സംസ്കാരങ്ങൾ തമ്മിലുള്ള പാലമാണെന്ന് വ്യക്തമാക്കിയ ഷാർജ ഭരണാധികാരി, അറബ് വിജ്ഞാന രംഗത്തെ നാഴികക്കല്ലാകുന്ന ‘കോംപ്രിഹെൻസീവ് അറബിക് എൻസൈക്ലോപീഡിയ’യുടെ ആദ്യ 143 വാല്യങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. ലോകമെമ്പാടുമുള്ള 1,500-ലധികം ഗവേഷകരും വിദഗ്ധരും അണിനിരക്കുന്ന പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാക്കാൻ കൂടുതൽ പേരെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഔദ്യോഗിക വെബ്സൈറ്റും പ്രവർത്തനസജ്ജമായി.


അറബ് വിജ്ഞാന-സാംസ്കാരിക രംഗങ്ങളിൽ സമഗ്ര സംഭാവന നൽകുന്ന നാല് പ്രതിഭകളെ ആദരിക്കുന്നതിനായി വാർഷിക ‘ഹാറൂൺ അൽ റഷീദ് പുരസ്കാരം’ ഏർപ്പെടുത്തിയതായി ഡോ. ശൈഖ് സുൽത്താൻ അറിയിച്ചു. 37 വർഷത്തെ ഗവേഷണത്തിനും ചരിത്രരേഖാ പരിശോധനകൾക്കും ഒടുവിൽ അദ്ദേഹം പൂർത്തിയാക്കിയ ‘ദി പോർച്ചുഗീസ് ഇൻ ദി ഇന്ത്യൻ ഓഷ്യൻ’ എന്ന 61 വാല്യങ്ങളുള്ള ചരിത്രഗ്രന്ഥവും വേദിയിൽ പ്രകാശനം ചെയ്തു.

വിവർത്തന രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമായ ഷാർജ ബുക്ക് അതോറിറ്റിയുടെ ‘തർജുമാൻ അവാർഡ്’ കാറ്റലൻ പ്രസാധകരായ കർവാനു സമ്മാനിച്ചു. ‘ആയിരത്തൊന്നു രാവുകൾ’ കാറ്റലൻ ഭാഷയിലേക്ക് മൊഴിമാറ്റിയതിനാണ് 14 ലക്ഷം ദിർഹം (1.4 മില്യൺ എ.ഇ.ഡി) മൂല്യമുള്ള പുരസ്കാരം. മൊറോക്കൻ സാഹിത്യ സൈദ്ധാന്തികൻ ഡോ. സഈദ് യഖ്തീനെ മേളയുടെ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു.

വായനയും പുസ്തകങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അറബി ഭാഷയുടെ ചരിത്ര നിഘണ്ടു ഉൾപ്പെടെയുള്ള ബൃഹദ് പദ്ധതികളിലൂടെ ഷാർജ വിജ്ഞാന വിനിമയത്തിന്റെ ആഗോള കേന്ദ്രമായി മാറിയെന്ന് ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് ശേഷം ഭരണാധികാരി ഒമാൻ പവലിയൻ സന്ദർശിച്ചു. ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രി സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ പവലിയനിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചു.










