ഇരുവരും സ്വന്തം നാട്ടിലേക്ക് മടങ്ങിയതാണെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും അധികൃതർ വ്യക്തമാക്കി.
ഷാർജ, സെപ്റ്റംബർ 26, 2026 : കഴിഞ്ഞ മാസം ഷാർജയിൽ കൊല്ലപ്പെട്ട ഏഷ്യൻ വംശജന്റെ ഭാര്യയെയും മകനെയും ദുരൂഹ സാഹചര്യത്തിൽ കാണാതായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് ഷാർജ പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ ഇരുവരും സ്വന്തം നാട്ടിലേക്ക് നിയമപരമായി മടങ്ങിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഷാർജ: കഴിഞ്ഞ മാസം കൊല്ലപ്പെട്ട ഏഷ്യൻ പ്രവാസിയുടെ ഭാര്യയെയും മകനെയും കാണാതായെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന റിപ്പോർട്ടുകൾ ഷാർജ പൊലീസ് പൂർണ്ണമായും തള്ളി. ഇരുവരെയും കാണാനില്ലെന്ന തരത്തിൽ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും, അവർ സ്വന്തം രാജ്യത്തേക്ക് തിരികെ പോയതായി ഔദ്യോഗിക യാത്രാ രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
കേസിലെ പ്രതികളെ ഇതിനകം തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായും സുരക്ഷാ വിഭാഗം വ്യക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ മരിച്ചതായി കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രത്യേക കുറ്റാന്വേഷണ സംഘവും ഫൊറൻസിക് വിദഗ്ധരും ഉടൻതന്നെ സംഭവസ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു.
പബ്ലിക് പ്രോസിക്യൂഷന്റെ നിർദ്ദേശപ്രകാരം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച വിവരങ്ങളും തെളിവുകളും വിശകലനം ചെയ്ത അന്വേഷണ സംഘം പ്രതികളെ പിടികൂടി.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൃത്യമായ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിച്ചതായി പൊലീസ് അറിയിച്ചു.
ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുമാത്രം ശേഖരിക്കണമെന്ന് മാധ്യമങ്ങളോടും പൊതുജനങ്ങളോടും ഷാർജ പൊലീസ് ആവശ്യപ്പെട്ടു. വസ്തുതാവിരുദ്ധവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുമെന്നും അന്വേഷണങ്ങളെയും നിയമനടപടികളെയും പ്രതികൂലമായി ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.










