നെഞ്ചെരിച്ചിലും അസ്വസ്ഥതയും നിസ്സാരമാക്കുന്നവരിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനം വർധിക്കുന്നു; മുപ്പതുകളിലും നാൽപ്പതുകളിലുമുള്ളവരിൽ ഗുരുതരമായ ധമനി തടസ്സങ്ങൾ കാണപ്പെടുന്നതായി വിദഗ്ധർ.
ദുബായ്, സെപ്റ്റംബർ 29, 2026 : നെഞ്ചെരിച്ചിലും അസിഡിറ്റിയുമാണെന്ന് കരുതി യഥാസമയം ചികിത്സ തേടാതെ അവഗണിക്കുന്ന നിസ്സാര ലക്ഷണങ്ങൾ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് (Cardiac Arrest) നയിക്കുന്നതായി യുഎഇയിലെ പ്രമുഖ കാർഡിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി. ലോക ഹൃദയദിനത്തോടനുബന്ധിച്ച് ദുബായിലെയും ഷാർജയിലെയും മെഡ്‌കെയർ ഹോസ്പിറ്റൽസിലെ വിദഗ്ധ ഡോക്ടർമാരാണ് ഈ മുന്നറിയിപ്പ് നൽകിയത്.
പലരിലും ഹൃദയാഘാതം കടന്നുവരുന്നത് കഠിനമായ നെഞ്ചുവേദനയോടെ ആകണമെന്നില്ലെന്നും, സാധാരണ ദഹനക്കേടെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ചെറിയ ലക്ഷണങ്ങളാണ് പലപ്പോഴും വലിയ അപകടം വരുത്തിവെക്കുന്നതെന്നും യുഎഇയിലെ മെഡിക്കൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയുടെ ‘യുഎഇ ഹെൽത്തി ഫ്യൂച്ചർ സ്റ്റഡി’ പ്രകാരം രാജ്യത്തെ മരണങ്ങളിൽ 40 ശതമാനവും ഹൃദ്രോഗങ്ങൾ മൂലമാണ് സംഭവിക്കുന്നത്.
മുപ്പതുകളിലും നാൽപ്പതുകളിലുമുള്ള യുവാക്കളിൽ പോലും പ്രായമായവരിൽ കാണുന്ന രീതിയിലുള്ള ഗുരുതരമായ രക്തധമനി തടസ്സങ്ങൾ കണ്ടെത്തുന്നതായി ഡോക്ടർമാർ വ്യക്തമാക്കുന്നു. അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ ചെറുപ്പക്കാരിലെ ഹൃദ്രോഗ സാധ്യത വലിയതോതിൽ വർധിപ്പിക്കുന്നു.
ആറ് അറബ് രാജ്യങ്ങളിലെ 65 ആശുപത്രികളിൽ നിന്നായി 3,197 രോഗികളിൽ നടത്തിയ ‘ഗൾഫ് റേസ്’ (Gulf RACE) പഠനമനുസരിച്ച്, ഗുരുതരമായ ഹൃദയാഘാതം (STEMI) ഉണ്ടായവരിൽ 30 ശതമാനം പേരും ലക്ഷണങ്ങൾ തുടങ്ങി 12 മണിക്കൂറിന് ശേഷമാണ് ആശുപത്രികളിലെത്തുന്നത്. ഈ കാലതാമസം രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതകളെ സങ്കീർണ്ണമാക്കുന്നു.
തുടക്കത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ നെഞ്ചെരിച്ചിലോ ക്ഷീണമോ ആയി തെറ്റിദ്ധരിക്കപ്പെടാൻ വലിയ സാധ്യതയുണ്ടെന്ന് മെഡ്‌കെയർ ഹോസ്പിറ്റൽ അൽ സഫയിലെ സ്പെഷ്യലിസ്റ്റ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. യാൻ നിക്ലാസ് സ്ട്രിക്ലിംഗ് പറഞ്ഞു. മൂന്ന് ദിവസത്തോളം നെഞ്ചിൽ നേരിയ അസ്വസ്ഥതയുണ്ടായിട്ടും അത് ഗ്യാസ്ട്രിക്കിൻ്റെ പ്രശ്നമാണെന്ന് കരുതി ഒടുവിൽ ആശുപത്രി എമർജൻസിയിൽ കുഴഞ്ഞുവീണ 44-കാരനായ ഗോഡ്‌ഫ്രെ എന്ന പ്രവാസിയുടെ കേസ് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ നടത്തിയ ഇസിജി, ട്രോപോണിൻ പരിശോധനകൾ സാധാരണ നിലയിലായിരുന്നെങ്കിലും അടുത്ത ദിവസം വിശ്രമവേളയിൽ കഠിനമായ അസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ എമർജൻസി വിഭാഗത്തിൽ എത്തിച്ചപ്പോഴേക്കും ഹൃദയതാളം നിലച്ച് വെൻട്രിക്കുലാർ ഫിബ്രിലേഷൻ എന്ന അതീവ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. ഉടൻ തന്നെ സിപിആറും ഡിഫിബ്രിലേറ്റർ ഷോക്കും നൽകി ഹൃദയമിടിപ്പ് വീണ്ടെടുത്ത ശേഷമാണ് പ്രധാന ധമനിയിലെ 99 ശതമാനം തടസ്സം ആൻജിയോപ്ലാസ്റ്റി വഴി നീക്കം ചെയ്തത്.
ശരീരത്തിലെ മറ്റ് അവയവങ്ങളിലെ രക്തക്കുഴലുകളിൽ ചുരുക്കമുള്ള രോഗികളിൽ ഹൃദയാഘാതം സംഭവിച്ചാൽ ചികിത്സ കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുമെന്ന് ഷാർജ മെഡ്‌കെയർ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് അൽബിയാലി സുലൈമാൻ വ്യക്തമാക്കി. ശ്വാസതടസ്സവും ഉയർന്ന രക്തസമ്മർദ്ദവും ബാധിച്ച 70-കാരനായ രോഗിയുടെ ഹൃദയസ്തംഭനവും തുടർന്ന് ബദൽ മാർഗ്ഗങ്ങളിലൂടെ ധമനി തടസ്സം നീക്കിയതും അദ്ദേഹം വിശദീകരിച്ചു.
കൃത്യമായ രോഗനിർണയം നടത്തിയാലും രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നതിലുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും പെട്ടെന്നുള്ള മരണത്തിന് കാരണമായേക്കാമെന്ന് ഷാർജ മെഡ്‌കെയർ ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ്റ് കാർഡിയോളജിസ്റ്റ് ഡോ. രൂപേഷ് സിംഗ് ഓർമ്മിപ്പിച്ചു. ക്ലിനിക്കിൽ വെച്ച് രോഗം സ്ഥിരീകരിച്ചിട്ടും ആംബുലൻസിന് പകരം സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയമിടിപ്പ് നിലച്ചുപോയ 45-കാരനായ ഏഷ്യൻ പ്രവാസിയുടെ അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. സമയബന്ധിതമായി ആശുപത്രിയിലെത്തിച്ച് രണ്ട് തവണ ഹൃദയമിടിപ്പ് വീണ്ടെടുത്ത ശേഷമാണ് ഇയാളുടെ ജീവൻ രക്ഷിക്കാനായത്.
തുടർച്ചയായ നെഞ്ചുവേദന, അമിതമായ വിയർപ്പ്, കിതപ്പ്, തോളിലേക്കോ താടിയെല്ലിലേക്കോ പടരുന്ന വേദന എന്നിവ അനുഭവപ്പെട്ടാൽ സാധാരണ ക്ലിനിക്കുകളിൽ സമയം കളയാതെ കാത്ത്-ലാബ് സൗകര്യങ്ങളുള്ള അടിയന്തര വിഭാഗങ്ങളിലേക്ക് നേരിട്ടെത്തണമെന്ന് ഡോക്ടർമാർ ഓർമ്മിപ്പിച്ചു.










