കനേഡിയൻ യൂണിവേഴ്സിറ്റി വിദ്യാർഥിനി തൊടുപുഴ സ്വദേശി നാഇഫ ബൽക്കീസ് ആണ് റാഷിദിയയിൽ വാഹനം ഇടിച്ച് മരിച്ചത്
ദുബായ്, യു.എ.ഇ — കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് സഹായത്തിനായി പുറത്തിറങ്ങിയ മലയാളി വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിനി നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. കനേഡിയൻ യൂണിവേഴ്സിറ്റി ദുബായിലെ അവസാന വർഷ ആർക്കിടെക്ചർ വിദ്യാർഥിനിയായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ദുബായിലെ റാഷിദിയയിലായിരുന്നു അപകടം. നാഇഫ ഓടിച്ചിരുന്ന കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡരികിലേക്ക് ഒതുക്കി നിർത്തി. തുടർന്ന് നാട്ടിലായിരുന്ന മാതാപിതാക്കളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. റിക്കവറി സർവീസിന്റെ ടോൾഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാൻ പിതാവ് ബിനു ഹമീദ് നിർദേശിച്ചു.
ഇതനുസരിച്ച് ഫോൺ വിളിക്കാനായി വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ നാഇഫയെ പിന്നാലെയെത്തിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അൽപ്പസമയത്തിനകം പിതാവ് തിരികെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ദുബായ് പൊലീസ് കുടുംബത്തെ വിളിച്ച് അപകടവിവരം അറിയിക്കുകയാണുണ്ടായത്.
ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ് നാഇഫ. നിഹാൽ ഹമീദാണ് സഹോദരൻ. വിവരം അറിഞ്ഞയുടൻ മാതാപിതാക്കൾ നാട്ടിൽനിന്ന് ദുബായിലെത്തി. നിലവിൽ ദുബായ് പൊലീസ് ഫൊറൻസിക് വിഭാഗത്തിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.










