കോഴിക്കോട് | UAE വാർത്ത
കോഴിക്കോട് കൂളിമാടിൽ സഹോദരങ്ങളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ചേലപ്പുറം സ്വദേശിയായ മുഹമ്മദ് ഇർഫാൻ (22) ആണ് മാവൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരങ്ങളായ തസ്‌നീം, തൻസീൽ എന്നിവരെ ഇർഫാൻ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അയൽവാസികളായ സഹോദരങ്ങൾക്ക് നേരെ ആക്രമണം നടന്നത്.
ഇരുവരുടെയും സഹോദരനായ തൻസിഫുമായി ഉണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന് ഇർഫാൻ വീട്ടിൽ കയറി മർദിച്ചതായി പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെ തസ്‌നീം, തൻസീൽ എന്നിവർ ഇർഫാനെ തടഞ്ഞുനിർത്തി സഹോദരനോട് നടത്തിയ ആക്രമണം ചോദ്യം ചെയ്തതോടെയാണ് പ്രതി കാർ വേഗത്തിൽ ഓടിച്ച് ഇരുവരെയും ഇടിച്ചുവീഴ്ത്തിയത്.
തൻസീലിന് തലയോട്ടിയിലും നട്ടെല്ലിലും പൊട്ടലേറ്റിട്ടുണ്ട്. തസ്‌നീമിന് ഇടുപ്പെല്ലിന് പൊട്ടലും തലച്ചോറിൽ രക്തസ്രാവവും സംഭവിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി മാവൂർ പൊലീസ് അറിയിച്ചു.










































