അങ്കമാലി–ശബരി റെയിൽപാത പദ്ധതിക്ക് പുതിയ ജീവൻ. സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട ജില്ലകളിലെ കളക്ടർമാർക്ക് ഓഫീസ് തുറക്കാനും ജീവനക്കാരെ നിയോഗിക്കാനും നിർദേശം നൽകി. സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച നിയമസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇതോടെ 25 വർഷമായി മുടങ്ങിക്കിടന്ന പദ്ധതി നിർമാണഘട്ടത്തിലേക്ക് കടക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
₹3800 കോടി ചെലവ്
പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിന് 1361 കോടി രൂപയും നിർമാണത്തിനായി 2439.93 കോടി രൂപയും ഉൾപ്പെടെ ആകെ 3800.9 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക്. ഇതിൽ 50 ശതമാനമായ ₹1900 കോടി രൂപ സംസ്ഥാനം വഹിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
111 കിലോമീറ്റർ ദൈർഘ്യം
1997-98 റെയിൽവേ ബജറ്റിൽ നിർദ്ദേശിക്കപ്പെട്ട അങ്കമാലി–എരുമേലി പാതയുടെ ആകെ ദൈർഘ്യം 111.48 കിലോമീറ്ററാണ്. ഇതിൽ എട്ട് കിലോമീറ്ററിലധികം ഭൂമി ഏറ്റെടുപ്പ് നേരത്തെ പൂർത്തിയാക്കിയിരുന്നു. അങ്കമാലി–കാലടി ഇടയിൽ ഏഴ് കിലോമീറ്റർ നിർമാണവും നടന്നിട്ടുണ്ട്.
പുതിയ കണക്കുപ്രകാരം പദ്ധതിക്ക് 303.58 ഹെക്ടർ ഭൂമി ആവശ്യമാണ്. അംഗീകൃത അലൈൻമെന്റും മാപ്പുകളും സംസ്ഥാനത്തിന് കൈമാറുമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
കെ.ആർ.ഡി.സി.എൽ ചെയർമാനും റെയിൽവേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.










































