കൊച്ചി: കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള സാധ്യതാ പഠനം നടത്തണമെന്ന് കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി നിർദേശം നൽകി. സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നിർദേശം.
കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്കിടെയാണ് ഹൈക്കോടതി ഇടപെടൽ. സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ഏകോപനം നടത്തി പഠനം നടത്തണമെന്നും കോടതി നിർദേശിച്ചു.
ഫെബ്രുവരി 25നകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കാസർകോട് എയിംസ് ആവശ്യപ്പെട്ട് ജനകീയ സമിതി സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.
കോഴിക്കോട് ജില്ലയിൽ എയിംസിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ യോഗ്യതയും മാനദണ്ഡങ്ങളും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹരജി ഫെബ്രുവരി 25ന് വീണ്ടും പരിഗണിക്കും.










































