മലപ്പുറം: സംസ്ഥാനത്ത് ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം കൃത്യമായി നടക്കുന്നില്ലെന്ന പരാതിയുമായി ഉദ്യോഗാർഥികൾ. പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ പല ജില്ലകളിലും വിരലിൽ എണ്ണാവുന്നവർക്കു മാത്രമാണ് നിയമനം ലഭിച്ചതെന്ന് ആരോപണം.
2023ൽ പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക നിലവിലുണ്ടായിരിക്കെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ സ്ഥിര നിയമനം നടത്താതെ താൽക്കാലിക നിയമനങ്ങളാണ് നടക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
എറണാകുളം ജില്ലയിൽ 56 പേരുള്ള റാങ്ക് പട്ടികയിൽ നിന്നൊരാൾക്കും നിയമനം ലഭിച്ചിട്ടില്ല. എന്നാൽ 60 താൽക്കാലിക തസ്തികൾ സൃഷ്ടിച്ചു. മലപ്പുറത്ത് 32 ഒഴിവുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ചതായും ആരോപണം ഉയരുന്നു.
റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന സമയത്ത് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു. ലിസ്റ്റിന്റെ കാലാവധി തീരാനിരിക്കെ പലർക്കും അവസരം നഷ്ടപ്പെടുമെന്ന ആശങ്കയും ഉയരുന്നു.
സ്ഥിര നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തും.










































