ദുബായ് :രാജ്യത്തെ സ്വകാര്യ മേഖലയിൽ വിദഗ്ധരായ വനിതാ ജീവനക്കാരുടെ എണ്ണത്തിൽ വർധന. സ്വകാര്യ സ്ഥാപനങ്ങളിൽ 35.8% വനിതകളാണു ജോലി ചെയ്യുന്നത്. ഇവരിൽ 45.4 ശതമാനവും അവരുടെ ജോലിയിൽ വൈദഗ്ധ്യമുള്ളവരാണ്. ഓഫിസുകളുടെ നേതൃ പദവിയിൽ 16.6 ശതമാനം വനിതകളുണ്ട്. തൊഴിൽ മേഖലയിലെ പൊതു അന്തരീക്ഷം മെച്ചപ്പെടുത്തി തുല്യ അവസരങ്ങൾ ഒരുക്കുന്നതിന്റെ അനന്തര ഫലമാണു വർധനയെന്നു മാനവവിഭവ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കാളികളായ വനിതകളെ ശാക്തീകരിക്കുക എന്നതാണു യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യമെന്നും മന്ത്രാലയം പ്രസ്താവിച്ചു. ഒരേ ജോലി ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനവും രാജ്യം ഉറപ്പാക്കുന്നു.ഖനനം, നിർമാണം, ഉൽപാദനം, ഊർജം, കൃഷി, ഗതാഗതം ഉൾപ്പെടെ ശാരീരിക ബുദ്ധിമുട്ടുള്ള ജോലികളിലും ഇപ്പോൾ വനിതകളുണ്ട്. സമയഭേദമില്ലാതെ ഊഴമിട്ടു ജോലി ചെയ്യുന്നതിനും തടസ്സങ്ങളില്ല. വ്യവസായങ്ങളിൽ ജോലി ചെയ്യാനും അവകാശങ്ങൾ കൃത്യമായി നൽകാനും തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നു. ഗർഭധാരണത്തിന്റെ പേരിൽ വനിതാ ജീവനക്കാരെ പിരിച്ചുവിടുകയോ നോട്ടിസ് നൽകുകയോ ചെയ്യുന്നതു കടുത്ത തൊഴിൽ നിയമലംഘനമായാണു രാജ്യം കരുതുന്നത്. നിയമനത്തിലും സ്ഥാനക്കയറ്റത്തിലും ജീവനക്കാർക്കിടയിൽ സ്ത്രീ – പുരുഷ വിവേചനം പാടില്ല. സ്ത്രീകളെ സാമ്പത്തികമായി കൂടുതൽ ശാക്തീകരിക്കുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും തൊഴിലിടങ്ങളിലെ എല്ലാ തരം ലിംഗവിവേചനങ്ങളും രാജ്യം നിയമം മൂലം നിരോധിച്ചിട്ടുണ്ട് .


























