കായംകുളം: തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി യു. പ്രതിഭ എം.എൽ.എ വ്യക്തമാക്കി. യു.ഡി.എഫ് നേതാവ് ഇർഷാദ് ചക്കാലശ്ശേരി നടത്തിയ പരാമർശം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണെന്നും അവർ ആരോപിച്ചു.
പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്ന് വാർത്താസമ്മേളനത്തിൽ പ്രതികരിച്ച പ്രതിഭ പറഞ്ഞു. “ഇത് വ്യക്തിഹത്യയുടെ അങ്ങേയറ്റമാണ്. ഞാൻ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും എതിർ സ്ഥാനാർഥികളെ വ്യക്തിപരമായി വിമർശിച്ചിട്ടില്ല,” എന്നും അവർ കൂട്ടിച്ചേർത്തു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, തിരഞ്ഞെടുപ്പിൽ ശരീരമല്ല മനസ്സാണ് ജനങ്ങൾ വിലയിരുത്തുന്നതെന്നും പ്രതിഭ വ്യക്തമാക്കി.
കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി എം. ലിജുവിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേയാണ് ഇർഷാദ് ചക്കാലശ്ശേരി വിവാദപരമായ പരാമർശം നടത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിപാടിയിൽ നിരവധി നേതാക്കൾ സന്നിഹിതരായിരുന്നുവെങ്കിലും ആരും പ്രതികരിച്ചില്ലെന്നും പ്രതിഭ വിമർശിച്ചു.
ഇർഷാദ് നടത്തിയ ഖേദപ്രകടനം അംഗീകരിക്കാനാകില്ലെന്നും, വിഷയത്തിൽ ശക്തമായ നിയമനടപടികൾ തുടരുമെന്നും അവർ വ്യക്തമാക്കി.













































