ദുബായ്: സുസ്ഥിര വികസനത്തിനും സേവന മികവിനും പുതിയ ദിശാബോധം നൽകിക്കൊണ്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA Dubai) ‘പാർട്ണേഴ്സ് ഓഫ് ഇംപാക്ട്’ (Partners of Impact) സംഗമം സംഘടിപ്പിച്ചു. ജിഡിആർഎഫ്എയുടെ സ്ഥാപനപരവും സാമൂഹികവുമായ നേട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച സ്പോൺസർമാരെയും പങ്കാളികളെയും ആദരിക്കുന്നതിനായി ദുബായിലെ മുഖ്യ കാര്യാലയത്തിലാണ് ചടങ്ങ് നടന്നത്. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിലൂടെ ദുബായിയുടെ വികസന കാഴ്ചപ്പാടുകൾക്ക് വേഗം കൂട്ടാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണത്തോടുള്ള വികസന നയങ്ങൾക്ക് കരുത്തേകുന്നതാണ് ഇത്തരം കൂട്ടായ്മകൾ. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സംയുക്തമായ പരിശ്രമങ്ങൾ അത്യാവശ്യമാണെന്ന സന്ദേശമാണ് സംഗമം പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്-ടൂറിസം കേന്ദ്രമെന്ന ദുബായിയുടെ സ്ഥാനം നിലനിർത്തുന്നതിൽ പങ്കാളികളുടെ സഹകരണം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ എടുത്തുപറഞ്ഞു.
ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി ചടങ്ങിന് നേതൃത്വം നൽകി. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്റർ സിഇഒ അബ്ദുല്ല ഹംദാൻ ബിൻ ദൽമൂക്, ജിഡിആർഎഫ്എ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ പ്രമുഖരും വിവിധ വകുപ്പ് മേധാവികളും ചടങ്ങിൽ പങ്കെടുത്തു. പങ്കാളികളുമായുള്ള ഓരോ കരാറും വെറുമൊരു ഔദ്യോഗിക നടപടിയല്ലെന്നും മറിച്ച് ദുബായിയുടെ ഭാവിക്കായുള്ള സമർപ്പണമാണെന്നും അധികൃതർ വ്യക്തമാക്കി.

ജിഡിആർഎഫ്എ കൈവരിച്ച നേട്ടങ്ങളെ ആസ്പദമാക്കിയുള്ള വീഡിയോ പ്രദർശനവും ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖാ അവതരണവും ചടങ്ങിന് മിഴിവേകി. പങ്കാളികൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെക്കാൻ അവസരമൊരുക്കിയ ചർച്ചാ സെഷനുകൾ ഭാവിയിലെ പുതിയ സംരംഭങ്ങൾക്ക് അടിത്തറയിട്ടു. ചടങ്ങിന്റെ സമാപനത്തിൽ, വികസന പാതയിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച മികച്ച പങ്കാളികൾക്കും സ്പോൺസർമാർക്കും ആദരവ് സമ്മാനിച്ചു.


























