ദുബായ്: പുതുവര്‍ഷത്തില്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസ്-പുതുവത്സര തിരക്കില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് മൂലം നാട്ടിലേക്ക് പോകാന്‍ മടിച്ചുനിന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ വാര്‍ത്ത. അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവര്‍ക്ക് വലിയൊരു ലാഭത്തിനുള്ള അവസരം കൂടിയാണ് ഇത്.നിലവില്‍ ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ശരാശരി 870 ദിര്‍ഹത്തിന് മുകളിലാണ് ഇപ്പോഴത്തെ നിരക്ക്. ഇത് പുതുവര്‍ഷത്തില്‍ 694 ദിര്‍ഹമായി കുറയും. ഇതിലൂടെ ഓരോ യാത്രക്കാരനും ഏകദേശം 4,000 രൂപയോളം ലാഭിക്കാന്‍ സാധിക്കും. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സമാനമായ നിരക്ക് ഇളവാണ് പ്രതീക്ഷിക്കുന്നത്.ആഘോഷങ്ങള്‍ക്കായി പ്രവാസികള്‍ യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നതാണ് ഈ നിരക്ക് കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അബുദാബിയില്‍ നിന്ന് ബെയ്റൂട്ടിലേക്കും ദുബായില്‍ നിന്ന് കെയ്റോ, തിബിലിസി തുടങ്ങിയ ഇടങ്ങളിലേക്കും ജനുവരി ഒന്നിന് ടിക്കറ്റ് നിരക്കില്‍ വന്‍ ഇടിവുണ്ട്.


























