ദുബായ്: യു.എ.ഇയിലെ പ്രവാസി മലയാളി കൂട്ടായ്മകൾക്കിടയിൽ ആവേശം വിതറാൻ അക്കാഫ് പ്രീമിയർ ലീഗ് (APL) അഞ്ചാം സീസൺ ഒരുങ്ങുന്നു. കോളേജ് അലുംനികളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ കായിക മാമാങ്കത്തിന്റെ ടീം ഗ്രൂപ്പിംഗും ഔദ്യോഗിക ജേഴ്‌സി പ്രകാശനവും ദുബായ് നോവോട്ടൽ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടന്നു. പ്രവാസലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗുകളിലൊന്നായി വളർന്ന അക്കാഫ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ആവേശകരമായ പോരാട്ടങ്ങൾക്കായിരിക്കും കളിക്കളം സാക്ഷ്യം വഹിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
ജനുവരി 11 മുതൽ ഫെബ്രുവരി 15 വരെ ഷാർജ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടൂർണമെന്റ് അരങ്ങേറുന്നത്. ഇത്തവണ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറായി എത്തുന്നു എന്നത് കായിക പ്രേമികളിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഷാർജ ക്രിക്കറ്റ് കൗൺസിലിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ഈ സീസണിൽ മുൻ ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖർ അതിഥികളായി എത്തുമെന്നത് മത്സരത്തിന്റെ മാറ്റുകൂട്ടും. പങ്കെടുക്കുന്ന ടീം പ്രതിനിധികളുടെയും അക്കാഫ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ തത്സമയ നറുക്കെടുപ്പിലൂടെയാണ് ഗ്രൂപ്പുകളെ തിരഞ്ഞെടുത്തത്.
മത്സരരംഗത്ത് ഇത്തവണ വലിയ പങ്കാളിത്തമാണ് ദൃശ്യമാകുന്നത്. ആദ്യം രജിസ്റ്റർ ചെയ്ത 32 പുരുഷ ടീമുകൾക്കും 6 വനിതാ ടീമുകൾക്കുമാണ് അഞ്ചാം സീസണിൽ കളിക്കാനിറങ്ങാൻ അവസരം ലഭിച്ചിട്ടുള്ളത്. പ്രവാസികൾക്കിടയിലെ കായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കലാലയ ഓർമ്മകൾ പുതുക്കാനുള്ള ഒരു വേദി കൂടിയായി അക്കാഫ് ഈ ടൂർണമെന്റിനെ മാറ്റുന്നു. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ടീമുകളുടെ എണ്ണത്തിലും ഗുണനിലവാരത്തിലും ഇത്തവണ വലിയ മുന്നേറ്റമുണ്ടായതായി ഭാരവാഹികൾ ചടങ്ങിൽ വ്യക്തമാക്കി.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോളിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ സ്വാഗതവും ട്രഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദിയും രേഖപ്പെടുത്തി. അക്കാഫിന്റെ വിവിധ വിഭാഗങ്ങളിലെ ഭാരവാഹികളായ അനൂപ് അനിൽ ദേവൻ, രഞ്ജിത്ത് കോടോത്ത്, ഷിബു മുഹമ്മദ്, സനീഷ് കുമാർ, ബിന്ദു ആന്റണി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൂടാതെ സംഘാടക സമിതിയിലെ പ്രമുഖരായ രാജാറാം ഷാ, ജോൺസൻ മാത്യു, ബിന്ദ്യ വിശ്വനാഥ്, ബിജു സേതുമാധവൻ എന്നിവർ സംസാരിക്കുകയും വരാനിരിക്കുന്ന ടൂർണമെന്റിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.


























