ദുബായ്: ആഗോള റീട്ടെയ്ൽ ഭൂപടത്തിൽ മലയാളിയുടെ കരുത്ത് വിളിച്ചോതി ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാറിന് അന്താരാഷ്ട്ര അംഗീകാരം. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലെ ഷോപ്പിംഗ് സെന്ററുകളുടെയും റീട്ടെയ്ൽ വ്യാപാരികളുടെയും പരമോന്നത സമിതിയായ ‘മിഡിൽ ഈസ്റ്റ് കൗൺസിൽ ഓഫ് ഷോപ്പിംഗ് സെന്റേഴ്‌സ് ആൻഡ് റീട്ടെയ്‌ലേഴ്‌സ്’ (MECSC+R) ആണ് നന്ദകുമാറിനെ 2025-ലെ ‘റീട്ടെയ്ൽ പ്രൊഫഷണൽ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തത്. ദുബായിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ‘റീട്ടെയ്ൽ കോൺഗ്രസ് മിന 2025’ ചടങ്ങിലായിരുന്നു റീട്ടെയ്ൽ രംഗത്തെ ഓസ്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുരസ്കാര പ്രഖ്യാപനം നടന്നത്.
റീട്ടെയ്ൽ മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനുമായി കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി വി. നന്ദകുമാർ നൽകിവരുന്ന സമഗ്രമായ സംഭാവനകളെ മുൻനിർത്തിയാണ് ഈ ബഹുമതി. ലുലു ഗ്രൂപ്പിന്റെ ആഗോള വ്യാപനത്തിലും ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കുന്നതിലും അദ്ദേഹം വഹിച്ച നിർണ്ണായക പങ്ക് ജൂറി പ്രത്യേകം എടുത്തുപറഞ്ഞു. സുസ്ഥിരത, ഡിജിറ്റൽ പരിവർത്തനം, നൂതന സാങ്കേതിക വിദ്യകളുടെ ഏകോപനം എന്നിവയിലൂന്നിയുള്ള അദ്ദേഹത്തിന്റെ വിപണന തന്ത്രങ്ങൾ മിന മേഖലയിലെ റീട്ടെയ്ൽ സംസ്കാരത്തിന് തന്നെ പുതിയ ദിശാബോധം നൽകിയതായി സമിതി വിലയിരുത്തി.
തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ നേതൃത്വത്തിൽ ബ്രാൻഡിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. നിലവിൽ 24 രാജ്യങ്ങളിലായി പടർന്നുകിടക്കുന്ന ലുലുവിന്റെ മുന്നൂറിലധികം പ്രൊഫഷണലുകളെ അദ്ദേഹം നയിക്കുന്നു. ഫോബ്‌സ് മാസികയുടെയും ഖലീജ് ടൈംസിന്റെയും മികച്ച മാർക്കറ്റിംഗ് പ്രൊഫഷണൽ പട്ടികയിൽ നേരത്തെ ഇടംപിടിച്ചിട്ടുള്ള ഇദ്ദേഹം ഗൾഫ് മേഖലയിലെ ഏറ്റവും സ്വാധീനമുള്ള കമ്മ്യൂണിക്കേഷൻ വിദഗ്ധരിൽ ഒരാളാണ്. ഹൈപ്പർ മാർക്കറ്റുകൾക്ക് പുറമെ ഷോപ്പിംഗ് മാളുകൾ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലും ലുലുവിന്റെ വിജയഗാഥയിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്.
ഈ പുരസ്കാരം ലുലു ഗ്രൂപ്പിലെ തന്റെ സഹപ്രവർത്തകർക്കും മാനേജ്‌മെന്റിനും സമർപ്പിക്കുന്നതായി വി. നന്ദകുമാർ പ്രതികരിച്ചു. മാജിദ് അൽ ഫുതൈം, എമാർ മാൾസ്, ലാൻഡ്‌മാർക്ക് ഗ്രൂപ്പ് തുടങ്ങിയ വമ്പൻമാരും പങ്കെടുത്ത ചടങ്ങിൽ ലഭിച്ച ഈ അംഗീകാരം ഭാവിയിലെ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു. വരും വർഷങ്ങളിൽ മിന മേഖലയിലെ റീട്ടെയ്ൽ വിപണിയിലുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഇത്തരം കൂട്ടായ്മകളും അംഗീകാരങ്ങളും അനിവാര്യമാണെന്ന് വാർത്താകുറിപ്പിൽ അദ്ദേഹം സൂചിപ്പിച്ചു.


























