അബുദാബി | UAE വാർത്ത
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനും സമൂഹത്തിൽ പ്രതിരോധ–സുരക്ഷാ സംസ്കാരം വളർത്തുന്നതിനുമായി Abu Dhabi Civil Defense Authority ‘യുവർ ഹോം ഈസ് എ ട്രസ്റ്റ്’ എന്ന പ്രത്യേക ബോധവൽക്കരണ ക്യാംപെയ്ന്‍ ആരംഭിച്ചു. വീടുകളിൽ തീപിടിത്തം തടയുന്നതിനുള്ള മാർഗങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സുരക്ഷിത ഉപയോഗം, പുക കണ്ടെത്താനുള്ള ഉപകരണങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് താമസക്കാരെ ബോധവൽക്കരിക്കുകയാണ് ക്യാംപെയ്നിന്റെ പ്രധാന ലക്ഷ്യം.
തീപിടിത്തമുണ്ടായാൽ ആദ്യഘട്ടത്തിൽ സ്വീകരിക്കേണ്ട നടപടികൾ, അഗ്നിശമന ഉപകരണങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്ന വിധം എന്നിവയെക്കുറിച്ചും ക്യാംപെയ്നിന്റെ ഭാഗമായി പരിശീലനം നൽകും. മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി പാലിക്കേണ്ട മുൻകരുതലുകൾ, ഇലക്ട്രിക് വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയും ക്യാംപെയ്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഗ്നിശമന സേനാ ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി താമസസ്ഥലങ്ങളിലെ സുരക്ഷാ നിലവാരം വിലയിരുത്തുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. സമൂഹമാധ്യമങ്ങൾ, ഷോപ്പിങ് മാളുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ വഴിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
ക്യാംപെയ്നിന്റെ ഭാഗമായി മോക്ക് ഡ്രില്ലുകളും ശില്പശാലകളും സംഘടിപ്പിക്കുമെന്നും അതോറിറ്റി അറിയിച്ചു. യുഎഇയിലെ വീടുകളിൽ സ്മാർട്ട് അഗ്നിശമന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്ന ‘ഹസ്സൻതുക്’ പദ്ധതികളുടെ തുടർച്ചയായാണ് ഈ ക്യാംപെയ്ന്‍ നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

































