സൗദി അതിർത്തിയോട് ചേർന്നുള്ള അൽ സില (അൽ ഗുവൈഫാത്ത്) സ്റ്റേഷനെയും അബുദാബിയിലെ അൽ ഫായ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പാതയിൽ എത്തിഹാദ് റെയിൽ പരീക്ഷണ ഓട്ടം നടത്തി. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ ഏകോപനത്തോടെയാണ് ഈ പരീക്ഷണം പൂർത്തിയാക്കിയത്.
സൗദിയിലെയും യുഎഇയിലെയും ഈ രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ബന്ധം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ ബന്ധം വർദ്ധിപ്പിക്കുകയും പ്രധാന തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുകയും ചെയ്യുകയുമാണ് ഇരു സ്റ്റേഷനുകളും നിർമിച്ചതിന് പിന്നിലെ ലക്ഷ്യം. കൂടാതെ യാത്രക്കാർക്ക് വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താനും അധികാരികൾക്ക് അംഗീകൃത പദ്ധതികള്‍ക്ക് അനുസൃതമായി ബദല്‍ റൂട്ടുകള്‍ കണ്ടെത്താനും കഴിയും.
ഈ പാതയുടെ പ്രവർത്തനം, അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററും (ADCMC) മറ്റ് ബന്ധപ്പെട്ട അധികൃതരും ചേർന്ന് നടപ്പിലാക്കുന്ന വിപുലമായ മുൻകരുതൽ നടപടികളുടെ ഭാഗമാണ്. വിവിധ സേവനങ്ങളുടെ ഏകോപനം ഉറപ്പാക്കാനും ലോജിസ്റ്റിക്കൽ സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
എത്തിഹാദ് റെയിൽ പദ്ധതി ഗതാഗത സംവിധാനങ്ങളുടെ വികസനവും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സംവിധാനത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗവുമാണെന്ന് അധികൃതർ പ്രതികരിച്ചു. സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് ഗതാഗത മേഖലയുടെ വഴക്കം അത്യന്താപേക്ഷിതമാണ്. അബുദാബിയുടെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനും പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമതയിൽ ജനവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.










































