അജ്മാൻ: ടിക് ടോക്ക് ലൈവ് സ്ട്രീമിനിടെ മറ്റൊരു വ്യക്തിയെ പരസ്യമായി അപമാനിച്ചതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ 36 വയസുള്ള അറബ് ടിക് ടോക്കർ സ്ത്രീയെ അജ്മാൻ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോർട്ട് ആറ് മാസം തടവിനും തുടർന്ന് നാടുകടത്തലിനും ശിക്ഷിച്ചു.സ്ത്രീയെ അപമാനിച്ച ക്രിമിനൽ കുറ്റത്തിന് ഫെഡറൽ കുറ്റകൃത്യ-ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 427 (3) പ്രകാരം അറബ് ടിക് ടോക്കർ കുറ്റക്കാരിയാണെന്ന് ഈ മാസം 18നാണ് കോടതി കണ്ടെത്തിയത്. ഏതെങ്കിലും തരത്തിലുള്ള ആശയ വിനിമയത്തിലൂടെ ഒരു വ്യക്തിയുടെ ബഹുമാനത്തിനോ സാമൂഹിക പദവിക്കോ ഹാനികരമായ പ്രവൃത്തിയുണ്ടായാൽ ആർട്ടിക്കിൾ 427 (3) പ്രകാരം അത് കുറ്റകരമാണ്. സ്ത്രീക്ക് ആറ് മാസം തടവ് ശിക്ഷ വിധിക്കുകയും അനുബന്ധ കോടതി ഫീസുകൾ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. കൂടാതെ, സാമ്പത്തിക നഷ്ടപരിഹാരത്തിനായുള്ള പരാതിക്കാരിയുടെ സിവിൽ ക്ലെയിം പ്രത്യേക സിവിൽ കോടതിയിലേക്ക് റഫർ ചെയ്തു. ഇത് ക്രിമിനൽ നടപടികൾ വൈകിപ്പിക്കാതെ ഇരയ്ക്ക് നഷ്ടപരിഹാരം തേടാൻ അനുവദിക്കുന്നതായിരുന്നു.
ടിക് ടോക്ക് ഉപയോഗിച്ച് ഇരയുടെ ബഹുമാനത്തിനും അന്തസ്സിനും ഹാനികരമായ പരാമർശങ്ങൾ സംപ്രേഷണം ചെയ്തതിന് പബ്ലിക് പ്രോസിക്യൂഷൻ സ്ത്രീക്കെതിരെ കുറ്റം ചുമത്തി. ഭാഷ സ്വീകാര്യമായ ആവിഷ്കാരത്തിന് അപ്പുറത്തേക്ക് പോയെന്നും, അത് സോഷ്യൽ മീഡിയയിലൂടെയുള്ള ദുരുപയോഗവും അപകീർത്തിപ്പെടുത്തലും ആണെന്നും കോടതി രേഖകളിൽ വ്യക്തമാക്കി.
ഈജിപ്ഷ്യൻ വാമൊഴി(മിസ്‌രി)യിലുള്ള സ്ത്രീയുടെ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്ത പരാമർശങ്ങൾ വളരെ അരോചകമായിരുന്നു. ഇരയുടെ സ്വഭാവത്തെ അത് ചോദ്യം ചെയ്യുകയും അവരുടെ മാതാവിനെ അപമാനിക്കുകയും ചെയ്യുന്നതായിരുന്നു. കേസിലുള്ള തന്റെ പങ്ക് പ്രതി നിദ്ദേശിച്ചെങ്കിലും കോടതി തള്ളിക്കളഞ്ഞു. ഇലക്ട്രോണിക് ആശയ വിനിമയത്തിലൂടെ നടത്തുന്ന അപമാനങ്ങളെ കുറ്റകരമാക്കുന്ന യു.എ.ഇ പീനൽ കോഡ് പ്രകാരമാണ് കേസെടുത്തത്.


























