സൗജന്യ ചികിത്സയും പ്രാഥമിക ആരോഗ്യപരിപാലനവും വീടുപടിക്കൽ എത്തിക്കാൻ പുതിയ അഞ്ച് യൂണിറ്റുകൾ കൂടി
ബാംഗ്ലൂർ:
സാധാരണക്കാരായ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സിഎസ്ആർ വിഭാഗമായ ‘ആസ്റ്റർ വോളന്റിയേഴ്സ്’ തങ്ങളുടെ മൊബൈൽ മെഡിക്കൽ യൂണിറ്റ് (MMU) ശൃംഖല ഉത്തരേന്ത്യയിലേക്ക് വിപുലീകരിച്ചു. പുതുതായി അഞ്ച് യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിച്ചതോടെ ആഗോള തലത്തിൽ യൂണിറ്റുകളുടെ എണ്ണം 76 ആയി ഉയർന്നു. ഇന്ത്യയിൽ മാത്രം ഇപ്പോൾ 54 യൂണിറ്റുകൾ പ്രവർത്തിക്കുന്നു.
റാഞ്ചി, കാൺപൂർ, ഭോപ്പാൽ, ജയ്പൂർ, ഭുവനേശ്വർ എന്നീ നഗരങ്ങളിലെ ചേരിപ്രദേശങ്ങളും തെരുവോരങ്ങളിലും കഴിയുന്നവരും ഭവനരഹിതരും ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പുതിയ യൂണിറ്റുകൾ സേവനം നൽകുക. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പുതിയ യൂണിറ്റുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ ധനസഹായത്തോടൊപ്പം ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് (തണൽ), മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
“സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക പരിശോധനകൾക്കും രോഗനിർണ്ണയത്തിനും പുറമെ രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാനും ഈ യൂണിറ്റുകൾ സഹായിക്കും. ഇത് ആരോഗ്യരംഗത്തെ അസമത്വം കുറയ്ക്കാനുള്ള വലിയൊരു ചുവടുവെയ്പ്പാണ്,” ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ഇതിന് മുൻപ് ചെന്നൈ, ബെംഗളൂരു, മുംബൈ, പട്‌ന, കൊൽക്കത്ത എന്നിവിടങ്ങളിലായി സമാന സേവനങ്ങൾ ആരംഭിച്ചിരുന്നു. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി ആസ്റ്ററുമായി കൈകോർക്കുന്നത് വലിയൊരു അഭിമാനമാണെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വ്യക്തമാക്കി. “അർഹരായ ജനവിഭാഗങ്ങൾക്ക് മാന്യമായ ചികിത്സ ഉറപ്പാക്കാൻ ഈ കൂട്ടായ്മ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.











































