തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കൻപോക്സ് രോഗബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നു. കഴിഞ്ഞ 40 ദിവസത്തിനിടെ 5,791 പേർക്കാണ് രോഗം ബാധിച്ചത്. ഈ മാസം മാത്രം 1,397 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് പ്രതിദിനം 100 ലധികം പേർക്കാണ് ചിക്കൻപോക്സ് സ്ഥിരീകരിക്കുന്നത്. ജനുവരി മാസം മാത്രം 4,394 പേർക്ക് രോഗം ബാധിച്ചു. ഫെബ്രുവരി ഒമ്പതാം തീയതി വരെയുള്ള കണക്കുകൾ പ്രകാരം 1,397 പേരാണ് രോഗബാധിതരായത്.
വാരിസെല്ല സോസ്റ്റർ വൈറസാണ് ചിക്കൻപോക്സിന് കാരണമാകുന്നത്. തണുപ്പ് കാലത്ത് നിന്ന് ചൂടുകാലത്തേക്ക് കടക്കുമ്പോഴാണ് രോഗവ്യാപനം കൂടുന്നതെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനവും രോഗവ്യാപനത്തിന് പ്രധാന കാരണമായി വിലയിരുത്തുന്നു.
സംസ്ഥാനത്ത് ഈ വർഷം ചിക്കൻപോക്സ് ബാധിച്ച് ഒരാൾ മരിച്ചു. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലും രോഗം കൂടുതൽ സങ്കീർണതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
രോഗത്തെ പ്രതിരോധിക്കാൻ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ വൈദ്യസഹായം തേടി ഡോക്ടർമാരുടെ നിർദേശം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനം ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.









































