ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുവ നേതാക്കളെ മുൻനിരയിൽ നിർത്തി ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്. യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളിൽ നിന്നായി പത്തോളം പേരെ മത്സരരംഗത്തിറക്കാൻ ദേശീയവും സംസ്ഥാനതലവുമായ നേതൃത്വങ്ങളിൽ ധാരണയായതായി സൂചന.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകും. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ പീരുമേട് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതായി അറിയുന്നു. ഇടുക്കി മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുത്താൽ അവിടെയും പരിഗണനയുണ്ടെന്നാണ് റിപ്പോർട്ട്.
മുൻ എം.എൽ.എ പ്രതാപവർമ്മ തമ്പാന്റെ മകൾ കൂടിയായ ചൈത്ര തമ്പാനെ ചാത്തന്നൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുള്ള ആലോചന ശക്തമാണ്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയെ ആറന്മുള മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് തീരുമാനം. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ ചെങ്ങന്നൂരിൽ ജനവിധി തേടും.
വൈപ്പിനിൽ ഷാരോൺ പനക്കൽ അല്ലെങ്കിൽ മനു ജേക്കബ് എന്നിവർ സ്ഥാനാർഥികളാകാം. നാദാപുരത്ത് കെ.എം. അഭിജിത്, മാവേലിക്കരയിൽ മുത്താര രാജ്, കായംകുളത്ത് അരിത ബാബു, അരൂരിൽ ഡോ. എം.പി. പ്രവീൺ, വടക്കാഞ്ചേരിയിൽ പി.എൻ. വൈശാഖ് തുടങ്ങിയവരുടെ പേരുകളും പരിഗണനയിൽ.
മുഖ്യമന്ത്രിക്കെതിരെ യുവമുഖം?
കണ്ണൂരിൽ സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾക്കെതിരെ യുവ നേതാക്കളെ രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പേരാണ് മുൻഗണനയിൽ. എന്നാൽ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബ്ദുൾ റഷീദ് മത്സരിക്കാനിടയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. തലശ്ശേരിയിൽ വി.കെ. ഷിബിന, എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, തൃക്കരിപ്പൂരിൽ ജോമോൻ ജോസഫ് എന്നിവരും സാധ്യതാപട്ടികയിൽ.
തിരുവനന്തപുരം ജില്ലയിൽ ചലച്ചിത്രതാരം പ്രിയങ്കയും മാധ്യമപ്രവർത്തകൻ രതീഷ് അനിരുദ്ധനും സ്ഥാനാർഥിത്വ പരിഗണനയിലുണ്ടെന്ന സൂചനയും പുറത്തുവന്നു.
യുവമുഖങ്ങളെ മുൻനിരയിലിറക്കി പാർട്ടിക്ക് പുതിയ ഉണർവ് നൽകുകയും ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ തന്ത്രമെന്നാണ് വിലയിരുത്തൽ.
English Summary
The Congress party is set to field a strong “young brigade” of Youth Congress and KSU leaders in the upcoming Kerala Assembly elections. Key names include Aloysius Xavier in Peermade, Chaithra Thampan in Chathannur, and Abin Varkey in Aranmula. The party is also considering young candidates to contest against senior CPM leaders, including Chief Minister Pinarayi Vijayan. The move is seen as a strategy to energize the campaign with fresh faces and strengthen the party’s grassroots appeal across constituencies.










































