ദുബായ്: ലോകം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ, ദുബായിലെ വികസന കുതിപ്പിന് കരുത്തുപകരുന്ന തൊഴിലാളി സമൂഹത്തിനായി ആവേശം വിതറുന്ന മെഗാ ആഘോഷങ്ങൾ ഒരുങ്ങുന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (GDRFA) ദുബായ് പെർമനന്റ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വമ്പൻ ഉത്സവം ഡിസംബർ 31-ന് വൈകുന്നേരം 6 മണി മുതൽ അർധരാത്രി വരെ നീണ്ടുനിൽക്കും. തുടർച്ചയായ മൂന്നാം വർഷമാണ് തൊഴിലാളികൾക്ക് മാത്രമായി ഇത്തരമൊരു വിപുലമായ ആഘോഷം നഗരത്തിൽ സംഘടിപ്പിക്കുന്നത്. ദുബായുടെ വികസന നട്ടെല്ലായ തൊഴിലാളികളെ ആദരിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുനിർത്തുകയും ചെയ്യുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ഖൂസ് മേഖല പ്രധാന വേദിയാകുന്ന ഈ ആഘോഷം ജെബൽ അലി, മുഹൈസ്‌ന തുടങ്ങിയ പ്രധാന തൊഴിലാളി കേന്ദ്രങ്ങളിലും ഒരേസമയം നടക്കും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി ‘ബ്ലൂ കണക്ട്’ (Blue Connect) എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വിർച്വൽ പ്ലാറ്റ്‌ഫോമിലും ആഘോഷങ്ങൾ തത്സമയം ലഭ്യമാക്കും. ഹൈബ്രിഡ് മാതൃകയിൽ സംഘടിപ്പിക്കപ്പെടുന്ന ഈ മേളയിൽ സ്വർണവും കാറുകളും ഉൾപ്പെടെ അഞ്ചു ലക്ഷം ദിർഹത്തിലധികം (ഏകദേശം ഒരു കോടിയിലധികം രൂപ) മൂല്യമുള്ള സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്യുന്നത്. സൗജന്യമായി രജിസ്റ്റർ ചെയ്യുന്ന ആർക്കും ഈ മെഗാ നറുക്കെടുപ്പിന്റെ ഭാഗമാകാൻ അവസരമുണ്ടെന്ന് ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു.
ബോളിവുഡ് താരങ്ങളും പ്രമുഖ സംഗീതജ്ഞരും അണിനിരക്കുന്ന സ്റ്റേജ് ഷോകളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. പ്രശസ്ത നടിമാരായ സരീൻ ഖാൻ, പൂനം പാണ്ഡേ, അനേരി വാജാനി, ടാന്യ ദേശായി എന്നിവർക്കൊപ്പം ഗായകരായ സ്നേഹ ഉപാധ്യായ, അങ്കുഷ് ഭർദ്വാജ് എന്നിവരും കാണികളെ ആവേശത്തിലാഴ്ത്താൻ എത്തും. അന്താരാഷ്ട്ര നൃത്തസംഘങ്ങളുടെ പ്രകടനങ്ങളും ഡിജെ തസ്യ സ്റ്റെപാനോവ അവതരിപ്പിക്കുന്ന സംഗീത വിരുന്നും ആഘോഷരാവിനെ വർണാഭമാക്കും. വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് തങ്ങളുടെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഒത്തുചേരാനുള്ള ഒരു വലിയ വേദിയായി അൽ ഖൂസ് മാറും.
മനുഷ്യവിഭവ ശേഷിയാണ് വികസനത്തിന്റെ യഥാർത്ഥ ഹൃദയമെന്ന ദുബായിയുടെ കാഴ്ചപ്പാടാണ് ഈ പരിപാടിയിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. കേവലം ഒരു ആഘോഷം എന്നതിലുപരി, തൊഴിലാളികളോടുള്ള ഭരണകൂടത്തിന്റെ ആദരവും സ്നേഹവും പ്രകടിപ്പിക്കാനാണ് ഇത്തരം സംരംഭങ്ങളിലൂടെ ശ്രമിക്കുന്നത്. 2025-നെ ‘കമ്മ്യൂണിറ്റി വർഷം’ (Year of Community) ആയി പ്രഖ്യാപിച്ചതിന്റെ ഭാഗമായി സാമൂഹിക ഐക്യവും സഹവർത്തിത്വവും ശക്തിപ്പെടുത്താൻ ഈ ആഘോഷങ്ങൾ സഹായിക്കുമെന്നും മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ പദ്ധതികളുമായി തൊഴിലാളി ക്ഷേമത്തിന് ദുബായ് മുൻഗണന നൽകുമെന്ന് ജിഡിആർഎഫ്എ ഉറപ്പുനൽകുന്നു.


























