ദുബായ്: ഈ കടുത്ത വേനൽച്ചൂടിലും നഗരത്തിന്റെ വികസനത്തിനായി അക്ഷീണം അധ്വാനിക്കുന്ന തൊഴിലാളികൾക്ക് കരുതലും സ്നേഹവും പകരാൻ ‘ഫരീജ് ഫ്രിഡ്ജ്’ (Freej Fridge)- പദ്ധതി വീണ്ടും സജീവമാകുന്നു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ ദുബായ്)യും ഫർജാൻ ദുബായ്യും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ മാനുഷിക സംരംഭത്തിലൂടെ വിവിധ തൊഴിൽ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് സൗജന്യമായി തണുത്ത കുടിവെള്ളം, ജ്യൂസുകൾ, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്യും.
വേനൽക്കാലത്ത് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിർമാണ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സേവന മേഖലകളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് അവർക്കാവശ്യമായ ശീതളപാനീയങ്ങൾ വിതരണം ചെയ്യുന്നതിനൊപ്പം, അവരുടെ അധ്വാനത്തോടുള്ള സമൂഹത്തിന്റെ ആദരവും നന്ദിയും പ്രകടിപ്പിക്കുക എന്ന സന്ദേശവും ‘ഫരീജ് ഫ്രിഡ്ജ്’ മുന്നോട്ടുവയ്ക്കുന്നു.

ഈ വർഷത്തെ പര്യടനം ഓഗസ്റ്റ് 3-ന് ദുബായ് ഹാർബറിൽ ആരംഭിക്കും. തുടർന്ന് ഓഗസ്റ്റ് 4-ന് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട്, ഓഗസ്റ്റ് 5-ന് പാം ജുമൈറ – ക്രസന്റ് റോഡ്, ഓഗസ്റ്റ് 6-ന് ബിസിനസ് ബേ – അൽ നഖീൽ റോഡ് എന്നിവിടങ്ങളിൽ ‘ഫരീജ് ഫ്രിഡ്ജ്’ വാഹനം എത്തി തൊഴിലാളികൾക്ക് തണുത്ത കുടിവെള്ളം, ജ്യൂസുകൾ, ഐസ്‌ക്രീം എന്നിവ വിതരണം ചെയ്യും.
വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി യു.എ.ഇ സർക്കാർ എല്ലാ വർഷവും ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നുണ്ട്. ഈ കാലയളവിൽ ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3.00 വരെ തുറസായ സ്ഥലങ്ങളിലും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന ജോലിസ്ഥലങ്ങളിലും തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അതിതീവ്ര ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ലക്ഷ്യമിടുന്നത്.
നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അധികൃതർ പരിശോധനകൾ നടത്തുന്നുണ്ട് . വിവിധ നിർമാണ കേന്ദ്രങ്ങളിലും ജോലിസ്ഥലങ്ങളിലും ഉദ്യോഗസ്ഥർ സന്ദർശനം നടത്തി നിയമം പാലിക്കുന്നുണ്ടോ, തൊഴിലാളികൾക്ക് തണലുള്ള വിശ്രമസ്ഥലം, കുടിവെള്ളം, ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തുന്നു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കും.
ഫരീജ് ഫ്രിഡ്ജ് ഒരു ശീതളപാനീയ വിതരണ പദ്ധതി മാത്രമല്ല; ദുബായുടെ പുരോഗതിക്കായി അക്ഷീണം അധ്വാനിക്കുന്ന തൊഴിലാളികളോടുള്ള നമ്മുടെ ആദരവും നന്ദിയും പ്രകടിപ്പിക്കുന്ന മാനുഷിക സന്ദേശം കൂടിയാണെന്ന് ജി.ഡി.ആർ.എഫ്.എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും കരുതലോടെ ചേർത്തുപിടിക്കുക എന്ന യു.എ.ഇ നേതൃത്വത്തിന്റെ ദർശനത്തിന്റെ പ്രതിഫലനമാണ് ഇത്തരം സംരംഭങ്ങൾ. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നത് ഞങ്ങളുടെ മുൻഗണനയാണ്. സർക്കാർ സ്ഥാപനങ്ങളും സാമൂഹിക പങ്കാളികളും കൈകോർക്കുമ്പോൾ മാനുഷിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും കൈവരിക്കാനാകുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി ജനറൽ ഡയറക്ടറേറ്റ് വർഷം മുഴുവൻ വിവിധ മാനുഷിക പദ്ധതികൾ നടപ്പാക്കിവരികയാണ്. വേനൽക്കാലത്ത് ‘ഫരീജ് ഫ്രിഡ്ജ്’ പദ്ധതിയിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസം പകരുന്നതിനൊപ്പം, ദുബായ് സമൂഹത്തിന്റെ മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്തബോധവും ഒരിക്കൽക്കൂടി ഉയർത്തിക്കാട്ടുകയാണ് ഈ സംരംഭത്തിന്റെ സന്ദേശമെന്ന് അധികൃതർ വിശദീകരിച്ചു










