ദുബായ്: ആഡംബര കാറുകളുടെ ഉടമകളെ ലക്ഷ്യമിട്ട് തന്ത്രപരമായി ഭിക്ഷാടനം നടത്തിവന്ന ഒരാളെ Dubai Police പിടികൂടി. പാർക്കിങ് ഏരിയയിൽ വച്ച് അറസ്റ്റിലായ ഇയാളുടെ പക്കൽ നിന്ന് 20,000 ദിർഹം (ഏകദേശം 4.5 ലക്ഷം ഇന്ത്യൻ രൂപ) കണ്ടെത്തി.
ദുബായ് പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗത്തിന് കീഴിലുള്ള സസ്പിഷ്യസ് പേഴ്സൺസ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്‌മെന്റാണ് പ്രതിയെ വലയിലാക്കിയത്. രാജ്യത്തിന്റെ പരിഷ്കൃത പ്രതിച്ഛായ നിലനിർത്തുന്നതിനും ഭിക്ഷാടനം എന്ന സാമൂഹിക പ്രശ്നത്തിനെതിരെ ബോധവൽക്കരണം നടത്തുന്നതിനുമായി നടപ്പിലാക്കുന്ന ‘Combatting Begging’ കാമ്പയിന്റെ ഭാഗമായാണ് നടപടി.
പാർക്കിങ് കേന്ദ്രങ്ങളിലും ട്രാഫിക് സിഗ്നലുകളിലും എത്തുന്ന ലക്ഷ്വറി കാറുകളിലെ ഡ്രൈവർമാരെയായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അതിദാരുണ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും ഭക്ഷണത്തിന് പോലും പണമില്ലെന്നുമുള്ള വ്യാജ കഥകളിലൂടെ സഹതാപം പിടിച്ചുപറ്റിയായിരുന്നു തട്ടിപ്പ്.
സസ്പിഷ്യസ് പേഴ്സൺസ് ആൻഡ് ക്രിമിനൽ ഫിനോമിന ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി: ഇത്തരത്തിലുള്ള കഥകളിൽ വീണുപോകരുത്. പള്ളികൾ, ആശുപത്രികൾ, മാർക്കറ്റുകൾ തുടങ്ങിയ തിരക്കേറിയ ഇടങ്ങളിൽ ഭിക്ഷാടകർ നൂതന തന്ത്രങ്ങൾ പ്രയോഗിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഭിക്ഷാടനം രാജ്യത്ത് ക്രിമിനൽ കുറ്റമാണെന്നും അർഹരായവർക്ക് സഹായം ലഭ്യമാക്കാൻ നിരവധി ഔദ്യോഗിക ജീവകാരുണ്യ സ്ഥാപനങ്ങൾ നിലവിലുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെരുവുകളിൽ ഭിക്ഷാടകരെ കണ്ടാൽ സ്വമേധയാ സഹായം നൽകാതെ പൊലീസിനെ അറിയിക്കണമെന്ന് നിർദേശം.
വിവരം കൈമാറാൻ ദുബായ് പൊലീസ് 901 കോൾ സെന്ററിലോ സ്മാർട്ട് ആപ്പിലെ ‘Police Eye’ സംവിധാനത്തിലോ ബന്ധപ്പെടാവുന്നതാണ്. ഭിക്ഷാടന മാഫിയക്കെതിരെ വിവിധ വകുപ്പുകളുമായി ചേർന്ന് ശക്തമായ നടപടികൾ തുടരുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
English Summary:
Dubai Police arrested a beggar who targeted luxury car owners in parking areas and traffic signals, seizing AED 20,000 from him. The arrest was part of the “Combatting Begging” campaign. Authorities urged the public not to give money directly and to report such cases via the 901 helpline or Police Eye app.










































