ദുബൈ: ദുബായിലെ ഡ്രൈവിങ് പരിശീലന രംഗത്ത് മികവ് തെളിയിച്ച 80 ഇൻസ്ട്രക്ടർമാരെയും നാല് പ്രമുഖ പരിശീലന കേന്ദ്രങ്ങളെയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ആദരിച്ചു. ആർടിഎ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
ലേണിങ് (നോളജ്) ടെസ്റ്റ്, സ്മാർട്ട് യാർഡ്, റോഡ് ടെസ്റ്റ് എന്നിവയിൽ ഉയർന്ന വിജയശതമാനം കൈവരിക്കുകയും നിശ്ചിത ലക്ഷ്യങ്ങൾ കൃത്യമായി പൂർത്തിയാക്കുകയും ചെയ്ത ഇൻസ്ട്രക്ടർമാരെയാണ് അംഗീകരിച്ചത്. ചടങ്ങിൽ ദുബായ് പൊലീസ് പ്രതിനിധികളും വിവിധ ഡ്രൈവിങ് സ്കൂൾ മേധാവികളും പങ്കെടുത്തു.
ട്രാഫിക് സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ദുബായ് പൊലീസുമായി ചേർന്ന് മികച്ച സഹകരണം പുലർത്തിയ പരിശീലന കേന്ദ്രങ്ങളെയും പ്രത്യേകമായി അഭിനന്ദിച്ചു. റോഡ് സുരക്ഷയിൽ പരിശീലകർക്കും ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും നിർണായക പങ്കുണ്ടെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. ഇൻസ്ട്രക്ടർമാർക്കിടയിലെ ആരോഗ്യകരമായ മത്സരം സേവന നിലവാരം ഉയർത്തുന്നതിൽ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച കേന്ദ്രങ്ങൾ
പുരസ്‌കാരം നേടിയ നാല് പ്രമുഖ പരിശീലന കേന്ദ്രങ്ങൾ:
- ബെൽഹാസ ഡ്രൈവിങ് സെന്റർ
- എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്
- ബിൻ യാബർ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്
- എക്‌സലൻസ് ഡ്രൈവിങ് സ്കൂൾ
സുരക്ഷിതമായ യാത്രാ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും നൂതന പരിശീലന രീതികൾ നടപ്പിലാക്കുന്നതിനും ഇത്തരം അംഗീകാരങ്ങൾ പ്രചോദനമാകുമെന്ന് പുരസ്‌കാരം നേടിയവർ പ്രതികരിച്ചു.
ആരോഗ്യം, സുരക്ഷ, ഉപയോക്തൃ സംതൃപ്തി എന്നിവ ഉറപ്പാക്കുന്നതിനൊപ്പം സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ആർടിഎയുടെ ലക്ഷ്യമെന്ന് അഹമ്മദ് മഹ്ബൂബ് വ്യക്തമാക്കി. ആധുനിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള പരിശീലന നയങ്ങൾ നടപ്പിലാക്കിയതിലൂടെ ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ് ലൈസൻസിങ് വിഭാഗം ഓരോ വർഷവും നടത്തുന്ന കർശനമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മികവ് തെളിയിച്ച ഇൻസ്ട്രക്ടർമാരെ തിരഞ്ഞെടുത്തത്.










































