ദുബായ് : വാണിജ്യപരമായി ലഭ്യമായ സ്മാർട്ട് ഫോണുകളിൽ 4-കാരിയർ അഗ്രഗേഷൻ വിന്യസിച്ച് ഇ & (യു.എ.ഇ ഇത്തിസാലാത്) അതിന്റെ തത്സമയ 5.5ജി മൊബൈൽ നെറ്റ്‌വർക്കിൽ സുപ്രധാന പരിഷ്‌കാരം വരുത്തി.സ്മാർട്ട് ഫോണിനെ ഒന്നിനു പകരം ഒരേ സമയം നാല് വ്യത്യസ്ത നെറ്റ്‌വർക്ക് ചാനലുകൾ ഉപയോഗിക്കാൻ പ്രാപ്‌തമാക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് സാങ്കേതിക വിദ്യയാണ് 4-കാരിയർ അഗ്രഗേഷൻ.
ഫോണിൽ നാല് സമാന്തര ഇന്റർനെറ്റ് പാതകൾ വിശാലവും വേഗമേറിയതുമായ ഒരു പാതയിലേക്ക് ലയിപ്പിക്കുന്നത് പോലെയാണിത്. ഇതനുസരിച്ച് ഡൗൺലോഡുകളും സ്ട്രീമുകളും ഇപ്പോഴുള്ളതിനേക്കാൾ വേഗത്തിൽ സാധ്യമാകും.മാളുകൾ, സ്റ്റേഡിയങ്ങൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കണക്റ്റിവിറ്റി പ്രത്യേകിച്ചും ഉപയോഗപ്രദമാകും.സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങളിൽ, പീക്ക് ഡൗൺലോഡ് സ്പീഡ് സെക്കൻഡിൽ 4 ജിഗാ ബൈറ്റ് കവിയുമെന്ന് കമ്പനി പറയുന്നു.

ഈ അപ്‌ഗ്രേഡ് രണ്ട് സ്പെക്ട്രം തരങ്ങളെ സംയോജിപ്പിക്കുന്നു. വിശാലവും കൂടുതൽ വിശ്വസനീയവുമായ കവറേജ് നൽകുന്ന എഫ്.ഡി.ഡി, ഉയർന്ന ഡാറ്റ ശേഷി നൽകുന്ന ടി.ഡി.ഡിഎന്നിവയാണിത്. ഇവ ഒരുമിച്ച്, ഹെഡ്‌ലൈൻ സ്പീഡിന് പകരം യഥാർഥ മൊബൈൽ പ്രകടനം മെച്ചപ്പെടുത്താനാണ് രൂപകൽപന ചെയ്തിരിക്കുന്നത്.സാങ്കേതിക വിദ്യ നെറ്റ്‌വർക്ക് ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുകയും 8കെ വിഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, അഡ്വാൻസ്ഡ് എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ എന്നിവ പോലുള്ള ഉയർന്ന ബാൻഡ് വിഡ്ത് ഉപയോഗങ്ങളെ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും ഇ & അധികൃതരെ ഉദ്ധരിച്ചുള്ള പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.
സ്മാർട്ട് ഫോണുകളിലും നെറ്റ്‌വർക്ക് ഉപകരണങ്ങളിലും 5.5ജി മുൻനിര സേവനങ്ങൾക്ക് നിലവിൽ വർധിച്ച ആവശ്യമുണ്ട്. 2026 മുതൽ യു.എ.ഇയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഈ സൗകര്യം ഇതിനകം തന്നെ സജീവമാണെന്നും അധികൃതർ പറഞ്ഞു.രാജ്യവ്യാപകമായി സുസ്ഥിരമായ മൾട്ടി ജിഗാ ബൈറ്റ് വേഗതയും വർധിച്ച ശേഷിയും നൽകുന്നതിലൂടെ ഈ നീക്കം ടെലികോം ഓപറേറ്ററുടെ 5.5ജി നെറ്റ്‌വർക്കിനെ ശക്തിപ്പെടുത്തുന്നുവെന്ന് ഇ& യു.എ.ഇയിലെ ആക്‌സസ് നെറ്റ്‌വർക്ക് ഡവലപ്മെന്റ് സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അൽ ഹുമൈദാൻ പറഞ്ഞു.


























