ദുബായ് :സേവന രംഗത്ത് നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) സംഘടിപ്പിച്ച ‘ക്രിയേറ്റീവ് ടാലന്റ് കെയർ’ ഡിപ്ലോമയുടെ എട്ടാം ബാച്ച് വിജയകരമായി പൂർത്തിയാക്കി. ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി മൂന്ന് മാസം നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് ബിരുദദാന ചടങ്ങ് നടന്നത്.35 ഉദ്യോഗസ്ഥരാണ് ഇത്തവണ കോഴ്‌സ് പൂർത്തിയാക്കിയത്. സ്ഥാപനപരമായ വെല്ലുവിളികൾ നേരിടുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ഇവർ വികസിപ്പിച്ചെടുത്ത അഞ്ച് നൂതന പ്രോജക്റ്റുകൾ ചടങ്ങിൽ അവതരിപ്പിച്ചു. തിയറി ക്ലാസുകൾക്കൊപ്പം പ്രായോഗിക പരിശീലനത്തിനും ഊന്നൽ നൽകിയാണ് പാഠ്യപദ്ധതി തയാറാക്കിയത്.ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. നവ ആശയങ്ങൾ നടപ്പിലാക്കുന്നത് ജിഡിആർഎഫ്എയുടെ പ്രവർത്തനങ്ങളുടെ മുഖമുദ്രയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിവുള്ള പ്രതിഭകളെ കണ്ടെത്താനും അവരുടെ അറിവുകൾ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റാനും ഇത്തരം പ്രോഗ്രാമുകൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ദുബായ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഈസ ബുഹുമൈദ്, സുപ്രീം ലെജിസ്ലേഷൻ കമ്മിറ്റി സെക്രട്ടറി ജനറൽ അഹമ്മദ് സയീദ് ബിൻ മെഷർ, സാമ്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുൾറഹ്മാൻ അൽ മുയിനി, ആർഐടി ദുബായ് പ്രസിഡന്റ് ഡോ. യൂസഫ് അൽ അസ്സഫ്, ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

റോച്ചസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ച് സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥരെ ശാക്തീകരിക്കുന്നതിനുമുള്ള ജിഡിആർഎഫ്എയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിപ്ലോമ കോഴ്‌സ്.


























