ദുബായ്: സ്വർണവില അധികം വൈകാതെ ഔൺസിന് (31.10 ഗ്രാം) 5,000 ഡോളർ കടക്കുമെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി. അഹമ്മദ്. മൂല്യം വർധിക്കുന്ന സുരക്ഷിതമായ ഒരു നിക്ഷേപമെന്ന വിശ്വാസ്യത സ്വർണത്തിനു വർധിക്കുകയാണ്.നൂറ്റാണ്ടുകളായി വിപണിയിലുണ്ടായ മാറ്റങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച്, സമ്പാദ്യം സുരക്ഷിതമായി നിലനിർത്താനും വളർത്താനും സ്വർണത്തിനു സാധിക്കുമെന്ന യാഥാർഥ്യമാണ് ഈ ശക്തമായ മുന്നേറ്റം സാക്ഷ്യപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്വർണ വില ഔൺസിന് 5000 ഡോളർ കടക്കുമ്പോൾ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 558 –560 ദിർഹമായിരിക്കും ഏകദേശ വില. ഒരു പവന് ഏകദേശം 4464 – 4480 ദിർഹം ചെലവുണ്ടാകും. ഇന്ത്യയിൽ ഗ്രാമിന് 15000 രൂപയ്ക്കടുത്ത് വില വരും.
ഒരു പവന് 120000 രൂപയുമാകും. നിലവിൽ 4983 ഡോളറാണ് ഔൺസിന്റെ വില. 17 ഡോളറിന്റെ വർധന മാത്രമാണ് 5000 കടക്കാൻ വേണ്ടത്. ഇപ്പോഴത്തെ സംഘർഷ സാഹചര്യത്തിൽ വില കുതിച്ചു കയറുമെന്നാണ് വിലയിരുത്തൽ.2025 ജനുവരി മുതൽ ഈ ജനുവരി വരെയുള്ള കണക്കുകൾ പ്രകാരം സ്വർണവില യുഎഇയിൽ 90 ശതമാനത്തിലധികവും ഇന്ത്യയിൽ 106 ശതമാനവുമാണ് വർധിച്ചത്. സ്വർണവില ഔൺസിന് 5,000 ഡോളർ കടക്കുന്നത് ദീർഘകാല നിക്ഷേപകരുടെ വിശ്വാസത്തെ ഒരിക്കൽ കൂടി ശരി വയ്ക്കുകയാണ്. സ്വർണത്തിൽ നിക്ഷേപം നടത്തുന്നത് ഏറ്റവും ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങളിൽ ഒന്നാണെന്ന് ഇത് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യവും സ്വർണത്തിനുള്ള വർധിച്ചുവരുന്ന ആവശ്യകതയും കണക്കിലെടുത്താൽ, വരും കാലയളവിൽ സ്വർണവിലരാജ്യാന്തര വിപണിയിൽ ഔൺസിന് 6,000 ഡോളർ ആകാമോ അല്ലെങ്കിൽ അത് മറികടക്കാനോ സാധ്യതയുണ്ടെന്നും എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു



































