ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പ് വിഷയങ്ങളും ചർച്ചയായില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വ്യക്തമാക്കി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സാന്നിധ്യത്തിലായിരുന്നു അരമണിക്കൂർ നീണ്ട കൂടിക്കാഴ്ച.
റമദാൻ സന്ദേശം പ്രധാനമന്ത്രിക്ക് കൈമാറിയതായും കേരളത്തിലെ വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ നിവേദനത്തിന്റെ പകർപ്പ് സമർപ്പിച്ചതായും കാന്തപുരം പറഞ്ഞു. “മനുഷ്യർക്കൊപ്പം” എന്ന മുദ്രാവാക്യത്തോടെ നടത്തിയ കേരളയാത്രയിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനങ്ങൾ ഉന്നയിച്ച റോഡ്, പാലം, കുടിവെള്ളം, വീടുകൾ, ആശുപത്രികൾ തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായി അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രവുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന കാര്യങ്ങൾ പരമാവധി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയതായും കാന്തപുരം അറിയിച്ചു. രാഷ്ട്രീയമായി ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നും തങ്ങൾ രാഷ്ട്രീയം ചെയ്യാത്തവരാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
അലീഗഢ് സർവകലാശാലയുടെ പെരിന്തൽമണ്ണ ഓഫ്-കാമ്പസിന്റെ പുരോഗതി കുറവിനെക്കുറിച്ചും അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. താമസ സൗകര്യവും അധ്യാപകരുടെയും കുറവും മൂലം വിദ്യാർത്ഥികൾ എത്തുന്നില്ലെന്ന കാര്യവും അറിയിച്ചു. കേരളത്തിലെ ദേശീയപാത വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചതായും കാന്തപുരം പറഞ്ഞു.
കാന്തപുരത്തിന്റെ മകനും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹഖീം അസ്ഹരി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, സി.പി സ്വാദിഖ് നൂറാനി എന്നിവരും കൂടെയുണ്ടായിരുന്നു.










































