കൊച്ചി: മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം റിയലിസ്റ്റിക് ആക്ഷൻ രംഗങ്ങളുമായി ആന്റണി വർഗീസ് ചിത്രം ‘കാട്ടാളന്റെ’ ടീസർ പുറത്തുവിട്ടു. വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ലോഞ്ച് കൊച്ചിയിലെ വനിതാ വിനിത തീയേറ്ററിൽ വെച്ചാണ് നടന്നത്. ടീസറിലെ ഏറ്റവും ശ്രദ്ധേയമായ ആനയുമായുള്ള സംഘട്ടന രംഗം വിഎഫ്എക്സ് (VFX) സഹായമില്ലാതെ തത്സമയം ചിത്രീകരിച്ചതാണെന്ന വെളിപ്പെടുത്തൽ പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഷൂട്ടിംഗിനിടെ ആന്റണി വർഗീസിന് പരിക്കേൽക്കാൻ കാരണമായ ഈ രംഗങ്ങൾ അവിശ്വസനീയമായ പൂർണ്ണതയോടെയാണ് കാട്ടാളനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓങ് ബാക്ക് (Ong-Bak) സിനിമകളിലൂടെ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയും സംഘവുമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓങ് ബാക്ക് സീരീസിലെ ‘പോങ്’ എന്ന പ്രശസ്തമായ ആനയും കാട്ടാളന്റെ ഭാഗമാണെന്നത് ശ്രദ്ധേയമാണ്. തായ്‌ലൻഡിലെ കാടുകളിൽ ചിത്രീകരിച്ച അതിസാഹസികമായ ആക്ഷൻ രംഗങ്ങൾ മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രതീക്ഷയാണ് ടീസർ നൽകുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തരംഗമായ സംഗീത സംവിധായകൻ ബി. അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതം ടീസറിന്റെ ആവേശം ഇരട്ടിയാക്കുന്നു.
നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ്. തെലുങ്ക് താരം സുനിൽ, കബീർ ദുഹാൻ സിംഗ്, ദുഷാര വിജയൻ, സിദ്ദിഖ്, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഉണ്ണി ആർ. ആണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ തന്നെ വലിയ തുകയ്ക്ക് ഓവർസീസ് വിതരണാവകാശം വിറ്റുപോയ ഈ ചിത്രം മലയാളത്തിലെ പ്രീ-റിലീസ് റെക്കോർഡുകളെല്ലാം ഇതിനോടകം ഭേദിച്ചുകഴിഞ്ഞു.
പാൻ ഇന്ത്യൻ തലത്തിൽ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുന്ന ‘കാട്ടാളൻ’ മെയ് 14-ന് തിയേറ്ററുകളിൽ എത്തുമ്പോൾ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ കണക്കുകൂട്ടൽ. ആന്റണി വർഗീസിന്റെ ‘പെപ്പെ’ എന്നറിയപ്പെടുന്ന മാസ്സ് പരിവേഷത്തിന് ഏറ്റവും അനുയോജ്യമായ കഥാപാത്രമായാണ് ഇതിലെ നായക വേഷത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ആക്ഷൻ സിനിമകളെ സ്നേഹിക്കുന്ന മലയാളികൾക്ക് ഇതൊരു ദൃശ്യവിരുന്നായിരിക്കും എന്നതിൽ തർക്കമില്ല.




































