തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി കേരളീയരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തരമായി നാട്ടിലെത്തേണ്ടവർക്ക് സൗകര്യം ഒരുക്കാനുമായി കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
വിമാന സർവീസുകളുടെ ലഭ്യത, ടിക്കറ്റ് റീഫണ്ട്, അമിത വിമാനക്കൂലി, ചാർട്ടേഡ് വിമാനങ്ങൾ, ട്രാൻസിറ്റ് ടൂറിസ്റ്റ് യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ എന്നിവ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടിസ്ഥാനരഹിത വാർത്തകളും അഭ്യൂഹങ്ങളും വിശ്വസിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നോർക്ക റൂട്ട്സ് പ്രതിനിധികൾ, ലോക കേരള സഭ അംഗങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
Kerala Chief Minister Pinarayi Vijayan assured that the state government will ensure the safety of expatriate Keralites in the Gulf amid regional tensions and facilitate travel arrangements for those needing to return home.










































