തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ (ഡി.എ) 10 ശതമാനം വർധനവ് അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവിലെ 25 ശതമാനത്തിൽ നിന്ന് 35 ശതമാനമായാണ് ഡി.എ ഉയർത്തിയത്. പെൻഷൻക്കാരുടെ ഡി.ആറിലും സമാനമായ വർധനവ് ലഭിക്കും.
പുതുക്കിയ നിരക്കിലെ ക്ഷാമബത്ത ഏപ്രിലിൽ വിതരണം ചെയ്യുന്ന മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം ലഭിച്ചു തുടങ്ങും. പെൻഷൻക്കാർക്ക് ഏപ്രിൽ മാസത്തെ പെൻഷനോടൊപ്പം പുതുക്കിയ നിരക്ക് ലഭ്യമാകും.
2024 ജനുവരി ഒന്നിന് നൽകേണ്ട മൂന്ന് ശതമാനം, 2024 ജൂലൈ ഒന്നിന് നൽകേണ്ട ഒരു ശതമാനം, 2025 ജനുവരി ഒന്നിന് നൽകേണ്ട രണ്ട് ശതമാനം, 2025 ജൂലൈ ഒന്നിന് നൽകേണ്ട രണ്ട് ശതമാനം എന്നിങ്ങനെ നാല് ഗഡുക്കളിലായി ആകെ പത്ത് ശതമാനമാണ് വർധിപ്പിച്ചത്.
പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ ബോർഡുകൾ തുടങ്ങിയവയ്ക്ക് അവരുടെ സാമ്പത്തിക നില അനുസരിച്ച് ഭരണസമിതിയുടെ തീരുമാനം പ്രകാരം വർധനവ് നടപ്പാക്കാം. തദ്ദേശസ്ഥാപനങ്ങൾ അധിക ചെലവ് സ്വന്തം ഫണ്ടിൽ നിന്ന് കണ്ടെത്തണം.
ഡി.എ ഇനത്തിൽ അവശേഷിക്കുന്ന ഗഡുക്കൾ ഫെബ്രുവരിയിലും മാർച്ചിലുമായി അനുവദിക്കുമെന്ന് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഒരു ഗഡു (രണ്ട് ശതമാനം) കഴിഞ്ഞ മാസം അനുവദിച്ചിരുന്നു.










































