തിരുവനന്തപുരം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ആകെ 890 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്.
മൂന്ന് പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ, അവർ പിന്തുണക്കുന്ന സ്വതന്ത്രർ, വിവിധ പാർട്ടികളിൽ നിന്നുള്ളവരും പൂർണ സ്വതന്ത്രരും വിമതരുമായവരും മത്സര രംഗത്തുണ്ട്. 2021ലെ 957 സ്ഥാനാർഥികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 67 പേർ കുറവാണ്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സൂക്ഷ്മപരിശോധനക്ക് ശേഷം 985 പേർ യോഗ്യത നേടിയിരുന്നു. ഇതിൽ 95 പേർ പത്രിക പിൻവലിച്ചതോടെയാണ് അന്തിമ പട്ടിക 890 ആയി കുറഞ്ഞത്.
ഏപ്രിൽ 9 വരെ നീളുന്ന 14 ദിവസത്തെ കടുത്ത പ്രചാരണ പോരാട്ടം ഇനി സംസ്ഥാനത്ത് നടക്കും.
മണ്ഡലം അടിസ്ഥാനത്തിലുള്ള പ്രത്യേകതകൾ:
- കൊടുവള്ളി: ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ – 13 പേർ
- തിരുവനന്തപുരം, മഞ്ചേശ്വരം, പേരാവൂർ: 11 പേർ വീതം
- ചവറ, കായംകുളം, നാട്ടിക, കോങ്ങാട്, മാനന്തവാടി: ഏറ്റവും കുറവ് – 3 പേർ വീതം
പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ചു. ദേശീയ, സംസ്ഥാന അംഗീകാരമുള്ള പാർട്ടികൾക്ക് അവരുടെ സ്ഥിരം ചിഹ്നങ്ങൾ ലഭിച്ചപ്പോൾ, ചില മണ്ഡലങ്ങളിൽ ആ പാർട്ടികൾ മത്സരിക്കാത്തതിനാൽ ആ ചിഹ്നങ്ങൾ സ്വതന്ത്രർക്കും അനുവദിച്ചിട്ടുണ്ട്.








































