തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ യു.ഐ.ഡി രേഖപ്പെടുത്താനുള്ള സമയപരിധി നീട്ടിയതോടെ 175 അധ്യാപകർക്ക് നഷ്ടപ്പെട്ട തസ്തികകൾ തിരിച്ചുലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2025-26 അധ്യയന വർഷത്തെ തസ്തിക നിർണയവുമായി ബന്ധപ്പെട്ടാണ് നടപടി.
2025 ജൂൺ 10-ലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പിൽ യു.ഐ.ഡി ലഭ്യമാകാതിരുന്ന കുട്ടികൾക്ക് ജൂലൈ 14 വരെ ലഭിച്ച രേഖകൾ കൂടി പരിഗണിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 13 മുതൽ 17 വരെ കൈറ്റ് പ്രത്യേക പരിശോധന നടത്തി. 213 വിദ്യാലയങ്ങളിൽ നിന്നായി ആറാം പ്രവൃത്തിദിനത്തിൽ പുറന്തള്ളപ്പെട്ട 1052 കുട്ടികളുടെ വിവരങ്ങളാണ് പ്രത്യേക സമിതി പരിശോധിച്ചത്. മതിയായ രേഖകൾ ഹാജരാക്കിയ 912 കുട്ടികളുടെ യു.ഐ.ഡി പുതുതായി അംഗീകരിച്ചു. ഇതോടെയാണ് അധ്യാപക തസ്തികകൾ തിരിച്ചുപിടിക്കാൻ വഴി തുറന്നത്.
സ്പെഷൽ എജുക്കേറ്റർ നിയമനം; നടപടി വേഗത്തിൽ
സംസ്ഥാനത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് മികച്ച പിന്തുണ ഉറപ്പാക്കുന്നതിനായി സ്പെഷൽ എജുക്കേറ്റർമാരുടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.
നിലവിൽ സമഗ്ര ശിക്ഷ കേരളയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന 2,707 സ്പെഷൽ എജുക്കേറ്റർമാരിൽ യോഗ്യതയുള്ളവരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആർ.സി.ഐ നിർദേശിച്ച യോഗ്യതകൾ നിർബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞത് 20 വർഷത്തോളമായി കരാർ അല്ലെങ്കിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യുന്ന സ്പെഷൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തുന്നതിനായി അവരുടെ യോഗ്യത പരിശോധിക്കാൻ മൂന്നംഗ സ്ക്രീനിങ് കമ്മിറ്റി രൂപവത്കരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ആർ.സി.ഐ പ്രതിനിധി എന്നിവരടങ്ങുന്ന മൂന്നംഗ സ്ക്രീനിങ് കമ്മിറ്റി രൂപവൽക്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































