മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനി ലോറിയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉയർത്തിയെങ്കിലും ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം മേൽമുറി സ്വദേശി മുസ്തഫയാണ് അപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് സാധനങ്ങളുമായി പോയ മിനി ലോറി ഏകദേശം 70 അടി താഴ്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ മുസ്തഫയെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ നേരം പരിശ്രമിച്ചു.
രണ്ടുതവണ ലോറി ഉയർത്താനുള്ള ശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് എട്ടുമണിക്കൂറിനൊടുവിൽ ലോറി കരയിലെത്തിച്ചത്. തുടർന്ന് ക്യാബിൻ പൊളിച്ചാണ് മുസ്തഫയെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
ലോറി ഡ്രൈവറായ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ നേരത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. അപകടം ആദ്യം കണ്ടത് അതുവഴി പോകുകയായിരുന്ന ഒരു വിദ്യാർത്ഥിയാണ്. വിവരം നാട്ടുകാരെ അറിയിച്ചതോടെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞ ആഴമുള്ള പഴയ ക്വാറിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് മുമ്പും അപകടങ്ങൾ നടന്നിട്ടുണ്ടെന്നും സുരക്ഷാ ഭിത്തി പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതായും ആരോപണം ഉയരുന്നു.
Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.
Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.










































