ഷാർജ: ഗതാഗത നിയമലംഘകര്‍ക്ക് മുന്നറിയിപ്പുമായി വീണ്ടും ഷാര്‍ജ പൊലീസ്. അശ്രദ്ധമായ ഡ്രൈവിംഗ് ജീവനും റോഡ് സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് പോലീസ് പൊതുജനങ്ങളെ ഓര്‍മിപ്പിച്ചു. ഷാര്‍ജയിലെ പ്രധാന റോഡില്‍ ഉണ്ടായ അപകടത്തിന്റെ ദൃശ്യവും ഷാര്‍ജ പൊലീസ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.ഗതാഗത നിയമ ലംഘകര്‍ക്ക് മുന്നറിയിപ്പ് നല്‍കികൊണ്ട് ഷാര്‍ജ പൊലീസ് പങ്കുവച്ച ദൃശ്യം ഇപ്രകാരമാണ്. ഒരു വെളുത്ത വാന്‍ റോഡരികിലേക്ക് തിരിഞ്ഞുപോയി നടപ്പാതയിലെ നീല സിഗ്നലില്‍ ഇടിച്ചുകയറുന്നു. പിന്നാലെ നിയന്ത്രണം വിട്ട വാഹനം അപകടകരമായ രീതിയില്‍ മുന്നോട്ട് പോകുന്നു.
അശ്രദ്ധമായ ഡ്രൈവിംഗിന്റെ ഒരു നിമിഷം എത്ര വേഗത്തില്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍.ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനം ഓടിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഷാര്‍ജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അശ്രദ്ധമായ ഡ്രൈവിംഗ് ജീവനും റോഡ് സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അമിതവേഗതയും ഡ്രൈവിങ്ങിനിടയിലെ ഫോണ്‍ ഉപയോഗവും ഉള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു. നിയമ ലംഘകര്‍ക്കെതിരായ നടപടിയും ഷാര്‍ജ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
അശ്രദ്ധമായി വാഹനമോടിക്കുകയോ നിയന്ത്രിത മേഖലകളില്‍ മോട്ടോര്‍ സൈക്കിളുകള്‍ ഓടിക്കുകയോ ചെയ്താല്‍ വഹനം കണ്ടുകെട്ടും. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 20,000 ദിര്‍ഹം പിഴ നല്‍കണം. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍, വിടുതല്‍ ഫീസ് 30,000 ദിര്‍ഹമായി ഉയരും. അശ്രദ്ധമായി വാഹനമോടിച്ചതിന് അബുദാബിയും ദുബായും ഇതിനകം 50,000 ദിര്‍ഹം വരെ പിഴ ചുമത്തിയിട്ടുണ്ട്.റാസല്‍ഖൈമയില്‍ 20,000 ദിര്‍ഹം വരെയാണ് പിഴ. കൂടാതെ മൂന്ന് മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. പിഴ അടയ്ക്കാതിരിക്കുകയും മൂന്ന് മാസത്തിന് ശേഷവും വാഹനങ്ങള്‍ അവകാശികളില്ലാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവ ലേലം ചെയ്യും. ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി ശക്തമായമായി തുടരുമെന്ന് ഷാര്‍ജ് പൊലീസ് വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അത്യാധുനിക ക്യാമറകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


























