ദുബായ്: നഗരത്തിലെ അൽ ഖുദ്റ സ്ട്രീറ്റും ഷൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റും ചേരുന്ന ജങ്ഷനിൽ നിർമ്മാണം പൂർത്തിയായ നോർതേൺ ബ്രിഡ്ജ് ഞായറാഴ്ച ഗതാഗതത്തിനായി തുറന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) പാലം പ്രവർത്തനക്ഷമമാക്കിയത്.
ഏകദേശം 700 മീറ്റർ നീളമുള്ള ഈ പാലം അൽ ഖുദ്റ സ്ട്രീറ്റിലൂടെ ഇരുദിശയിലുമുള്ള ഗതാഗതം സുഗമമാക്കുന്നതിന് സഹായകരമാകും. പാലത്തിന്റെ ആകാശദൃശ്യങ്ങൾ ആർടിഎ അവരുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
അൽ മറാബിയ അൽ അറേബിയയും ദുബായ് സ്റ്റുഡിയോ സിറ്റിയും ചേരുന്ന ഇന്റർസെക്ഷനിൽ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത പാലവുമായി പുതിയ പാലം ബന്ധിപ്പിച്ചിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലെ താമസ-വികസന മേഖലകളിൽ ഏകദേശം നാല് ലക്ഷം താമസക്കാർക്കും സന്ദർശകർക്കും ഈ സമഗ്ര വികസന പദ്ധതിയുടെ ഗുണം ലഭിക്കും.
പ്രദേശത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ചുരുക്കാനും പുതിയ പാലം നിർണായകമാകുമെന്ന് അധികൃതർ അറിയിച്ചു.










































