നിലമ്പൂർ: പ്രായപൂർത്തിയാകാത്ത 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസിന്റെ അന്വേഷണം ഡിവൈ.എസ്.പി തലത്തിലേക്ക് മാറ്റി. നിലമ്പൂർ ഡിവൈ.എസ്.പി കെ.വി. ലത്തീഫ് കേസിന്റെ അന്വേഷണം ഏറ്റെടുക്കും. മുൻ പൊലീസ് ഉദ്യോഗസ്ഥനായതിനാലാണ് ഇൻസ്പെക്ടർ അന്വേഷിച്ചിരുന്ന കേസ് ഉയർന്ന തലത്തിലേക്ക് മാറ്റിയതെന്നാണ് സൂചന. ആവശ്യമെങ്കിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.
മമ്പാട് പുള്ളിപ്പാടം പ്ലാമൂട്ടിൽ സ്വദേശിയായ 49കാരനായ ഫിലിപ്പിനെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് പരാതി ഉയർന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് പിന്തുണയും കൗൺസിലിംഗും നൽകുന്നതിനായി മാതാപിതാക്കൾ ഫിലിപ്പിന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഈ സമയത്ത് മോട്ടിവേഷൻ ക്ലാസിനെന്ന് പറഞ്ഞ് കാസർകോട് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായും ആരോപണമുണ്ട്.
സ്കൂൾ കൗൺസിലിംഗിനിടെയാണ് പീഡനവിവരം പുറത്തുവന്നത്. കോഴിക്കോട് ചേവായൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഈ മാസം 13നാണ് നിലമ്പൂർ പൊലീസ് ഫിലിപ്പിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.
മോട്ടിവേഷൻ പ്രസംഗങ്ങളിലൂടെയും സോഷ്യൽ മീഡിയ വിഡിയോകളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് പ്രതി. പെരിന്തൽമണ്ണ സ്റ്റേഷനിൽ എസ്.ഐ ആയിരിക്കെ മോട്ടിവേഷൻ ക്ലാസുകൾക്കായി സർവീസിൽ നിന്ന് സ്വയം വിരമിച്ചിരുന്നു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.










































