ഷാർജ ∙ ഷാർജ ഡെസേർട്ട് പൊലീസ് പാർക്കിൽ വാരാന്ത്യങ്ങളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഷാർജയിലെ സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇനി പ്രവേശനം അനുവദിക്കുകയെന്ന് അധികൃതർ അറിയിച്ചു.പാർക്കിലേക്ക് സന്ദർശകരുടെ തിരക്ക് അനിയന്ത്രിതമായി വർധിച്ച സാഹചര്യത്തിലാണ് ഈ പുതിയ ക്രമീകരണം. അതേസമയം, ആഴ്ചയിലെ മറ്റു ദിവസങ്ങളിൽ (തിങ്കൾ മുതൽ വ്യാഴം വരെ) പൊതുജനങ്ങൾക്ക് പാർക്കിലേക്ക് പ്രവേശനം തുടരാം. 2026 ജനുവരി 5 വരെ ഈ നിയന്ത്രണം നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ശൈത്യകാലം ആസ്വദിക്കാനെത്തുന്ന കുടുംബങ്ങൾക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് തിരക്കേറിയ വാരാന്ത്യങ്ങളിൽ സർക്കാർ ജീവനക്കാർക്കായി മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.


























