ഷാർജ: കഴിഞ്ഞ വർഷം ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയതായി ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പ് അറിയിച്ചു. 924 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് 2025-ൽ നടന്നത്. 2024-ൽ ഇത് 490 കോടി ദിർഹമായിരുന്നു. ഒരുവർഷത്തിനിടെ 88.7 ശതമാനത്തിന്റെ വൻ വർധനയാണ് മേഖലയിലുണ്ടായത്.
നിക്ഷേപകരുടെ വർധിച്ച ആത്മവിശ്വാസവും വ്യാവസായിക–നിക്ഷേപ സൗഹൃദ നയങ്ങളുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്‌ട്രേഷൻ വകുപ്പിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ട്‌സ് റെഗുലേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഒബൈദ് അൽ മസ്ലൂം പറഞ്ഞു.
ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷന്റെ ഭാഗമായി സംഘടിപ്പിച്ച ‘വ്യാവസായിക റിയൽ എസ്റ്റേറ്റിന്റെ ഭാവി’ എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം മൊത്തം 4,416 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായും, വ്യാവസായിക ഭൂമി, കെട്ടിട സമുച്ചയങ്ങൾ, മൾട്ടി-യൂസ് വെയർഹൗസുകൾ ഉൾപ്പെടെ ഏകദേശം 14 വിഭാഗങ്ങളിലായാണ് നിക്ഷേപങ്ങൾ നടന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികവും അന്താരാഷ്ട്രവുമായ നിക്ഷേപകർക്ക് ദീർഘകാല സുസ്ഥിര നിക്ഷേപ അന്തരീക്ഷം ഷാർജ ഒരുക്കുന്നുവെന്നും അൽ മസ്ലൂം പറഞ്ഞു.
മികച്ച നിയമനിർമാണവും അടിസ്ഥാന സൗകര്യ വികസനവും ഡിജിറ്റൽവത്കരണവും റിയൽ എസ്റ്റേറ്റ് മേഖലയെ ശക്തിപ്പെടുത്തിയതായി അധികൃതർ ചൂണ്ടിക്കാട്ടി. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ആസ്തികളുടെ ദീർഘകാല മൂല്യം വർധിപ്പിക്കുന്നതിലും ഈ പരിഷ്കാരങ്ങൾ നിർണായകമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ ടൗൺ പ്ലാനിങ് ആൻഡ് സർവേ ഡിപ്പാർട്ട്മെന്റിലെ പ്ലാനിങ് സ്റ്റഡീസ് ഡയറക്ടർ എൻജിനിയർ അബ്ദുൾ റഹ്‌മാൻ അൽ സുവൈദിയും ചർച്ചയിൽ പങ്കെടുത്തു. യുഎഇയിലെ മൊത്തം വ്യാവസായിക സ്ഥാപനങ്ങളിൽ ഏകദേശം 40 ശതമാനവും ഷാർജയിലാണെന്ന് അദ്ദേഹം പറഞ്ഞു.
21 വ്യാവസായിക മേഖലകളിലായി 2,800-ലേറെ വ്യാവസായിക യൂണിറ്റുകൾ ഷാർജയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, 120-ലേറെ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുവെന്നും ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജമാൽ ബൗസഞ്ജൽ വ്യക്തമാക്കി. ഷാർജ വിഷൻ–2030യുടെ ഭാഗമായി വ്യവസായ നിക്ഷേപങ്ങൾ കൂടുതൽ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
English Summary
Sharjah’s real estate sector recorded strong growth last year, with transactions totaling AED 92.4 billion, marking an 88.7% increase compared to 2024. Officials attribute the surge to investor confidence, pro-business policies, infrastructure development, and a favorable industrial investment environment. A total of 4,416 transactions were completed across multiple real estate segments.



































