1,000 മുതിർന്നവർക്ക് സർക്കാർ സർവീസിൽ അവസരം; പെൻഷൻകാർക്കും ജീവനക്കാർക്കും ആശ്വാസമായി വൻ പ്രഖ്യാപനങ്ങൾ
ഷാർജ, സെപ്റ്റംബർ 8, 2026:മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാനുമായി സർക്കാർ വകുപ്പുകളിൽ 1,000 പേർക്ക് പാർട്ട് ടൈം ജോലി നൽകാൻ ഷാർജ ഭരണകൂടം തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പള വർധനവും വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള സമഗ്ര ക്ഷേമപദ്ധതികൾക്ക് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
മുതിർന്ന പൗരന്മാർ വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നത് ഒഴിവാക്കാനും അവരുടെ ജീവിതത്തിന് പുതിയ ഉണർവ് നൽകാനുമാണ് ഈ സവിശേഷ തൊഴിൽ പദ്ധതിയെന്ന് ശൈഖ് ഡോ. സുൽത്താൻ വ്യക്തമാക്കി. ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെയാണ് അദ്ദേഹം സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.
പൂർണസമയ ജോലി ചെയ്യാൻ ശേഷിയുള്ള വിരമിച്ചവരെയല്ല, മറിച്ച് വാർധക്യത്തിൽ വീടുകളിൽ ഒതുങ്ങിക്കൂടുന്നവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ മാത്രം ജോലി ചെയ്യുന്ന രീതിയിലോ, അല്ലെങ്കിൽ ആഴ്ചയിൽ മൂന്ന് ഒന്നിടവിട്ട ദിവസങ്ങളിലോ ഇവർക്ക് ജോലിയിൽ പ്രവേശിക്കാം. ജോലിക്ക് പോകുന്നതിനും തിരികെ എത്തുന്നതിനുമായി സർക്കാർ വാഹനങ്ങളും ഡ്രൈവർമാരെയും ക്രമീകരിക്കും.
മ്യൂസിയങ്ങളിൽ ടിക്കറ്റ് പരിശോധിക്കുന്നതുപോലുള്ള ലളിതമായ ചുമതലകളാണ് ഇവർക്ക് നൽകുക. എയർകണ്ടീഷൻ ചെയ്ത മുറികളിൽ വിശ്രമകരമായി ചെയ്യാവുന്ന ജോലികളിലൂടെ ജനങ്ങളുമായി സംവദിക്കാനും സമൂഹത്തിൽ സജീവമായി തുടരാനും ഇവർക്ക് അവസരം ലഭിക്കും. ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്‌മെന്റിന്റെ സാധാരണ ചട്ടങ്ങൾക്ക് പുറത്തുള്ള പ്രത്യേക സംവിധാനത്തിലൂടെയാണ് വേതനം ഉറപ്പാക്കുന്നത്.
മുതിർന്ന പൗരന്മാർക്കുള്ള തൊഴിൽ പദ്ധതിക്ക് പുറമെ വൻ സാമ്പത്തിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്:
- സാമൂഹിക സേവന വിഭാഗത്തിൽപ്പെട്ട 1,473 ഗുണഭോക്താക്കളുടെ ധനസഹായം വർധിപ്പിച്ചു.
- സർക്കാർ സർവീസിൽനിന്ന് വിരമിച്ച 1,470 പെൻഷൻകാർക്ക് തസ്തിക അനുസരിച്ച് വർധിപ്പിച്ച പെൻഷൻ ലഭിക്കും.
- ഉന്നത തസ്തികകളിലുള്ള 3,270 സർക്കാർ ജീവനക്കാർക്ക് ശമ്പള വർധനവ് നടപ്പാക്കും.
- കേന്ദ്രീകൃത-വികേന്ദ്രീകൃത സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഉത്തരവ് ബാധകമാണ്.
2026-ൽ പ്രഖ്യാപിച്ച 3,000 പുതിയ തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാനായി ഈ വർഷത്തെ ശേഷിക്കുന്ന മാസങ്ങളിൽ 1,200 ഒഴിവുകളിലേക്ക് നിയമനം വേഗത്തിലാക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് ഷാർജ ഭരണാധികാരി നിർദേശം നൽകി.









